ഇടുക്കി: മണ്ണിടിച്ചില്‍ തകര്‍ന്ന ഇടുക്കി ഗ്യാപ് റോഡിന് പകരം മൂന്നാര്‍- പഴയ ദേവികുളം സമാന്തരപാത തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി വീതി കൂട്ടി നിര്‍മ്മിക്കുന്ന ഗ്യാപ് റോഡില്‍ വന്‍ മലയിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പൂപ്പാറ-മൂന്നാര്‍ റൂട്ടില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ ലോക്കാട്, ചിന്നക്കനാല്‍, സൂര്യനെല്ലി, ആനയിറങ്കല്‍ അടക്കമുള്ള വിനോദ സഞ്ചാര മേഖലകളിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന മൂന്നാര്‍-പഴയ ദേവികുളം റോഡ് ഗതാഗതയോഗ്യമാക്കി താല്‍ക്കാലിക പരിഹാരം കാണമെന്ന ആവശ്യവുമായി നാട്ടുകാരും വിനോദ സഞ്ചാര മേഖലയെ ആശ്രയിക്കുന്ന ടാക്‌സി തൊഴിലാളികളും രംഗത്തെത്തിയത്.
നിലവില്‍ ബസ് സര്‍വീസുകൾ ഇല്ലാത്തതിനാല്‍ ചിന്നക്കനാല്‍ മേഖലയില്‍ ഉള്ളവര്‍ മറ്റ് വാഹനങ്ങളില്‍ പൂപ്പാറയിലെത്തി കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ച് രാജാക്കാട് വഴിയാണ് അടിമാലി, മൂന്നാര്‍ മേഖലകളിലേക്ക് എത്തുന്നത്. ആശുപത്രി ആവശ്യങ്ങള്‍ക്കടക്കം ഗതാഗത സൗകര്യമില്ലാത്തത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മൂന്നാര്‍- പഴയദേവികുളം റോഡ് തുറന്നാല്‍ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലക്കും സഹായകരമാകുമെന്നാണ് പ്രതീക്ഷ.