ഇടുക്കി: രാപ്പകലുകള്‍ പുണ്യനിര്‍ഭരമായ റമദാനില്‍ നോമ്പ് തുറക്കായി മൂന്നാര്‍ ജുമാമസ്‌ജിദിലെത്തുന്ന വിശ്വാസികള്‍ക്ക് ലഭിക്കുന്നത് ഗുണങ്ങളേറെയുള്ള ഔഷധ കഞ്ഞി. പള്ളിയിലെത്തുന്നവര്‍ക്ക് മാത്രമല്ല മൂന്നാറിലെ സമീപ പ്രദേശങ്ങളിലെ വീടുകളിലെക്കെല്ലാം കമ്മിറ്റി അംഗങ്ങള്‍ കഞ്ഞി വിതരണം നടത്തും. അരിയോടൊപ്പം ഉലുവ, വെളുത്തുള്ളി, ജീരകം തുടങ്ങി നിരവധി പ്രത്യേക തരം ഔഷധങ്ങള്‍ ചേര്‍ത്താണ് കഞ്ഞിയുണ്ടാക്കുന്നത്.
പകല്‍ മുഴുവന്‍ നോമ്പെടുത്ത് രാത്രിയില്‍ അല്‌പം ഔഷധ കഞ്ഞി കുടിച്ചാല്‍ ക്ഷീണമോ തളര്‍ച്ചയോ ഉണ്ടാവില്ല. മാത്രമല്ല ഇത് വയറിനുണ്ടാകുന്ന ദഹന പ്രശ്നങ്ങളും മറ്റ് അസ്വസ്ഥതകളും ഇല്ലാതാക്കുന്നു. മൂന്നാറിലെ പള്ളി നിര്‍മിച്ചിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു, അത്ര തന്നെ പഴക്കമുണ്ട് ഈ കഞ്ഞി വിതരണത്തിനും.
പള്ളിയുടെ ആരംഭകാലത്ത് മേഖലയില്‍ ഇസ്‌ലാം മത വിശ്വാസികള്‍ കുറവായിരുന്നു. അതുകൊണ്ട് തന്നെ പെരുമ്പാവൂര്‍, തമിഴ്‌നാട്ടിലെ രാജപാളയം എന്നിവിടങ്ങളില്‍ നിന്നെത്തുന്ന കച്ചവടക്കാരായിരുന്നു കഞ്ഞി കുടിച്ചിരുന്നത്. പീന്നിട് മൂന്നാറിലെ വ്യാപാരികള്‍, തോട്ടം തൊഴിലാളികള്‍, താമസക്കാര്‍, വിനോദ സഞ്ചാരികള്‍, എന്നിവരെല്ലാം ഔഷധ കഞ്ഞിയുടെ സ്ഥിരം ആസ്വാദകരായി.
ദിവസം തോറും ആയിരത്തോളം ആളുകള്‍ക്കാണ് പള്ളിയില്‍ നിന്ന് കഞ്ഞി വിതരണം ചെയ്യുന്നത്. ഈ കാലത്തിനിടെ കൊവിഡ് കാലത്ത് മാത്രമാണ് കഞ്ഞി വിതരണം മുടങ്ങിയത്.
also read: കന്നി നോമ്പുക്കാരിക്ക് ഹിന്ദു കുടുംബത്തിന്‍റെ ആദരം