ഇടുക്കി: മഴ കനത്തതോടെ മൂന്നാർ ടൗൺ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ. ചെറിയ മഴ പെയ്താല്‍ പോലും ടൗണിൽ വെള്ളം കയറുന്ന അവസ്ഥയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മുതിരപ്പുഴയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കുന്നതാണ് വെള്ളം കയറാൻ കാരണമെന്നാണ് അധികൃതർ നല്‍കുന്ന വിശദീകരണം. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ മുതിരപ്പുഴയാറ്റിലേക്കും ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിലേക്കും ഒഴുകിയെത്തിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാതെ കിടക്കുന്നതാണ് പ്രശ്നങ്ങൾക്കുള്ള കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
കന്നിമലയാറ്റിലും മാട്ടുപ്പെട്ടിയാറ്റിലും നീരൊഴുക്ക് വര്‍ധിക്കുന്നതോടെ മുതിരപ്പുഴയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരും. ഈ സാഹചര്യം തിരിച്ചറിഞ്ഞ് കഴിഞ്ഞ് പ്രളയത്തിന് ശേഷം അണക്കെട്ടിലെയും മുതിരപ്പുഴയാറ്റിലെയും ചെളി നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകള്‍ മുന്‍കയ്യെടുത്തില്ലെന്നാണ് പരാതി.
മഴ കനത്തതോടെ വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് മൂന്നാറിലെ പല കുടുംബങ്ങളും ബന്ധു വീടുകളിലാണ് അന്തിയുറങ്ങുന്നത്. ഇത്തവണയെങ്കിലും അണക്കെട്ടിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനും നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.