ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ സര്‍ക്കാര്‍ കോളജിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. മൂന്നാര്‍ എഞ്ചിനിയറിങ് കോളജിന് സമീപം തിരിച്ച് പിടിച്ച നാലരയേക്കര്‍ കയ്യേറ്റ ഭൂമി കോളജിന്‍റെ കെട്ടിട നിര്‍മാണത്തിനായി വിട്ടു നല്‍കാനാണ് റവന്യു വകുപ്പിന്‍റെ ആലോചന. വിഷയം ജില്ലാ കലക്ടറെ ധരിപ്പിച്ചതായും തുടര്‍ന്നുള്ള കാര്യങ്ങള്‍ നടന്നു വരികയാണെന്നും ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ കോളജ് കെട്ടിടം തകര്‍ന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണ ജോലികള്‍ ആരംഭിക്കാത്തത് ആക്ഷേപങ്ങള്‍ക്കും പ്രതിഷേധത്തിനും ഇടവരുത്തിയിരുന്നു. കോളജിനായി പുതിയ കെട്ടിടം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുമ്പ് പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരുന്നു. 2018ലെ പ്രളയത്തില്‍ കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കോളജ് എഞ്ചിനിയറിങ് കോളജിന്‍റെ ഭാഗമായ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ച് വരുന്നത്.