ഇടുക്കി: മൂന്നാർ ഗ്യാപ്പ് റോഡിൽ കാര്‍ താഴ്‌ചയിലേക്ക് മറിഞ്ഞ് എട്ടര മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി നൗഷാദ് (32), നൈസ (എട്ടര മാസം) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ചിന്നക്കനാൽ ഭാഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വാഹനം കനത്ത മൂടൽ മഞ്ഞിനെയും പ്രതികൂല കാലാവസ്ഥയേയും തുടർന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ ഗ്യാപ്പ് റോഡിൽ നിന്നും തെന്നി മാറി ആയിരം അടി താഴ്‌ചയിലുള്ള ബൈസൺവാലി റോഡിലേക്ക് മറിഞ്ഞു.
എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുഞ്ഞ് തല്‍ക്ഷണം മരിച്ചു, ആശുപത്രിയിലേക്കുള്ള യാത്രമധ്യേയാണ് നൗഷാദ് മരിച്ചത്. വാഹനം താഴ്‌ചയിലേക്ക് പതിക്കുന്നത് കണ്ട സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രണ്ട് വാഹനങ്ങളിലായി മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘത്തിന്‍റെ വാഹനങ്ങളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ശാന്തൻപാറ പൊലീസും മൂന്നാർ പൊലീസും മേൽനടപടികൾ സ്വികരിച്ചു.