ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാർ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. മഴ കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന കനത്ത മഴയിലാണ് മുല്ലപ്പെരിയാർ ജലനിരപ്പ് അതിവേഗം ഉയർന്നത്. മൂന്ന് ദിവസത്തിനിടെ ഏഴ് അടിയോളമാണ് ജലനിരപ്പ് ഉയര്‍ന്നത്. സെക്കൻഡില്‍ 3,631 ഘനയടി വെള്ളം അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവും വർധിപ്പിച്ചു.
സെക്കൻഡില്‍ 1,867 ഘനയടി വെള്ളം ഇപ്പോൾ ഡാമിൽ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. കൂടുതൽ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു.
മുൻകരുതലിന്‍റെ ഭാഗമായി പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. വില്ലേജ് ഓഫീസുകളിൽ കണ്ട്രോൾ റൂമുകളും തുറന്നു. ജലനിരപ്പ് 138 അടി കഴിഞ്ഞാൽ മാത്രമേ ജനങ്ങളെ മാറ്റി പാർപ്പിക്കൂയെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രത നിർദേശം നൽകും. 142 അടി പിന്നിട്ടാൽ വെള്ളം സ്‌പിൽവേ വഴി പുറത്തേക്ക് ഒഴുകും. അണക്കെട്ട് തുറന്നാൽ വണ്ടിപ്പെരിയാര്‍, മഞ്ചുമല, ആനവിലാസം, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ വില്ലേജുകളുടെ പരിധിയിലാണ് ദുരന്ത ഭീഷണിയുള്ളത്.
Also read: കനത്ത മഴ; ഉരുള്‍പൊട്ടല്‍ ഭീഷണിയിൽ ഇടുക്കി