ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിട്ട തമിഴ്‌നാടിന്‍റെ നടപടി പ്രതിഷേധാര്‍ഹമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഈ മാസം 10ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ തമിഴ്‌നാട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്‌ച ശ്രദ്ധയില്‍പ്പെടുത്തും. ഇത്തരം വീഴ്‌ചകള്‍ ഒന്നിലേറെ പ്രാവശ്യം ഉണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ മേല്‍നോട്ട സമിതിയുടെ ഇടപെടല്‍ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ ഇതിനോടകം രേഖാമൂലം പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. മുല്ലപ്പെരിയാറിലെ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഥമ ലക്ഷ്യം. ഡാം തുറന്ന് വിടുമ്പോള്‍ വെളളം കയറാന്‍ സാധ്യതയുള്ള പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവരുടെ കാര്യങ്ങള്‍ നോക്കുന്നതിനായി മാത്രം വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായി വന്നാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ട്.
റൂള്‍ കര്‍വ് പ്രകാരം 142 അടിയില്‍ വെള്ളം സംഭരിച്ച് നിര്‍ത്തുമ്പോള്‍ രാത്രിയില്‍ ഉയരാന്‍ സാധ്യതയുള്ള അധിക ജലത്തിന്‍റെ അളവ്, മുന്‍കണക്കുകളെ അടിസ്ഥാനമാക്കി നിഗമനത്തിലെത്തുകയും ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുകയുമാണ് തമിഴ്‌നാട് അധികൃതര്‍ ചെയ്യേണ്ടത്. 142 അടിയില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത മുന്‍കൂട്ടി കാണാതെ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടുകയല്ല തമിഴ്‌നാട് അധികൃതര്‍ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
Also read: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറക്കരുതെന്ന് നാട്ടുകാര്‍