ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ കൂടി തമിഴ്‌നാട് ഉയർത്തി. നിലവില്‍ 13 ഷട്ടറുകളാണിപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ 10400 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്.
ഇടുക്കി ജില്ലയുടെ മലയോര മേഖലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 139 അടി പിന്നിട്ടിട്ടും റൂള്‍ കര്‍വ്വിലേക്കെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയത്. ഇന്ന് (ഓഗസ്റ്റ് 9) രാവിലെ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു.
അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിച്ചതോടെ പെരിയാറിന് സമീപമുള്ള താഴ്‌ന്ന പ്രദേശങ്ങളായ കറുപ്പുപാലം, ആറ്റോരം എന്നിവിടങ്ങളില്‍ വെള്ളം കയറി. അപകട സാധ്യത മേഖലകളിലുള്ളവരെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി പാര്‍പ്പിച്ചു. ആശങ്കപ്പടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടർന്നാൽ പുറത്തുവിടുന്ന വെള്ളത്തിന്‍റെ അളവ് തമിഴ്‌നാട് ഇനിയും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്‍റെ 5 ഷട്ടറുകൾ കൂടി ഉയര്‍ത്തി. മൂന്നര ലക്ഷം ലിറ്റര്‍ വെള്ളമാണിപ്പോള്‍ പുറത്തേക്കൊഴുക്കുന്നത്. ഇത് ഇനിയും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇടമലയാര്‍ തുറന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ നിന്ന് പുറത്ത് വിടുന്ന വെള്ളത്തിന്‍റെ അളവ് ഇനിയും വര്‍ധിപ്പിക്കണോയെന്നത് ജില്ല ഭരണകൂടം യോഗം ചേര്‍ന്ന് തീരുമാനിക്കും.
ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ചപ്പാത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. മേഖലയിലെ 42 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന പെരിയാറിന്‍റെ തീരപ്രദേശങ്ങളില്‍ എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ നിരീക്ഷണം നടത്തുന്നുണ്ട്.
കല്ലാർകുട്ടി, ലോവർ പെരിയാർ, പൊൻമുടി, കുണ്ടള, മാട്ടുപ്പെട്ടി എന്നീ അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ശക്തമായി പെയ്യുന്ന മഴയ്ക്ക് ശമനം ഉണ്ടാവുകയോ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറയുകയോ ചെയ്‌താല്‍ മാത്രമെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്‌ത്തുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി.