ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ ഏഴരയോടെ തുറക്കും. ഒക്ടോബർ 31 വരെ ജലനിരപ്പ് 138 അടിയായി നിലനിർത്തുന്നതിനാണ് ജലം തുറന്നുവിടുന്നത്. ഡാമിൻ്റ സംഭരണ ശേഷി 12.758 ടി എം സി ജലമാണ്. ഇടുക്കി അണക്കെട്ടിന്‍റേത് 70.5 ടി എം സി യുമാണ്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുന്നതിന് ആവശ്യമായ ജലം തുറന്നുവിട്ടാൽ ഇടുക്കി ഡാമിൽ നാലിലൊന്ന് അടി മാത്രമേ ഉയരുകയുളളു. 2398.31 അടി വെളളം സംഭരിക്കാൻ ശേഷിയുള്ളപ്പോഴാണ് 2398.08 അടി ജലനിരപ്പെത്തിയപ്പോൾ ഇടുക്കി ഡാം തുറന്നത്. അതിനാൽ മുല്ലപ്പെരിയാറിൽ നിന്ന് തുറന്നുവിടുന്ന ജലം ഉൾക്കൊള്ളാൻ ഇടുക്കിക്ക് കഴിയുമെന്നും കണക്കുകൾ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി.
ആളുകളെ മാറ്റി താമസിപ്പിച്ചു
മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള 24 കിലോമീറ്റർ മുല്ലയാറിൽ ഏകദേശം 60 സെ.മീ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളൂ. പുഴയിൽ രണ്ടടി വെള്ളമുയർന്നാൽ ബാധിക്കുന്ന 350 കുടുംബങ്ങളിലെ 1079 പേരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
11 കുടുംബങ്ങളിലെ 35 പേരെ വണ്ടിപ്പെരിയാർ മോഹന ഓഡിറ്റോറിയത്തിലും നാല് കുടുംബങ്ങളിലെ 19 പേരെ വണ്ടിപ്പെരിയാർ സെൻ്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും സജ്ജമാക്കിയ ക്യാമ്പുകളിലേക്ക് മാറ്റി. മറ്റുള്ളവർ ബന്ധു ഭവനങ്ങളിലേക്കാണ് മാറിയിട്ടുള്ളത്.
മൂന്ന് താലൂക്കിലെ ഏഴ് വില്ലേജിലായി മാറ്റി പാർപ്പിക്കേണ്ടവരെ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഡാം തുറന്നപ്പോൾ കൈക്കൊണ്ട മുന്നൊരുക്കങ്ങളെല്ലാം മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് മുന്നോടിയായി സ്വീകരിച്ചിട്ടുണ്ട്. റവന്യൂ, ആരോഗ്യം, ഫയർഫോഴ്‌സ്, വനം, പൊലീസ് തുടങ്ങി എല്ലാ വകുപ്പുകളും പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് സുരക്ഷാക്രമീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
അടിയന്തര ചികിത്സ സൗകര്യങ്ങളൊരുക്കി
ആളുകളെ ഒഴിപ്പിച്ച വീടുകളുള്ള മേഖലയിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തി. കട്ടപ്പന, പീരുമേട് താലൂക്ക് ആശുപത്രിയിലും വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും അടിയന്തര ചികിത്സ സംവിധാനമൊരുക്കിയിട്ടുണ്ട്. വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്നതിന് മുല്ലയാറിലെ തടസങ്ങൾ നീക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾക്കായി എസ്റ്റേറ്റുകളുടെ ഗേറ്റുകൾ എല്ലാം തുറന്നിടാൻ നിർദേശം നൽകിയിട്ടുണ്ട്. വില്ലേജ്, താലൂക്ക്, കലക്‌ടറ്റേറ്റ് എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. എല്ലാവിധ സുരക്ഷാ ഉപകരണങ്ങളോടുംകൂടി ഫയർഫോഴ്‌സും സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.
READ MORE: മുല്ലപ്പെരിയാര്‍ : സുപ്രീം കോടതി തീരുമാനം പ്രതീക്ഷ നല്‍കുന്നതെന്ന് റോഷി അഗസ്റ്റിന്‍