ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ അളവിൽ ജലം സ്‌പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കിവിടും. തോട്ടങ്ങളിലെ ഗേറ്റുകൾ തുറന്നിടാൻ ജില്ലാ കലക്‌ടർക്ക് ഇതിനകം നിർദേശം നൽകി. മുല്ലപ്പെരിയാർ ഡാമിലും വൃഷ്‌ടി പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. ഡാമിലെ ജലനിരപ്പ് പരമാവധിയായ 142 അടിയിലെത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സ്‌പിൽവേ വഴി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നത്.
വ്യാഴാഴ്‌ച വൈകുന്നേരം 6.30 മുതൽ 8017.40 ഘന അടി ജലം മുല്ലപ്പെരിയാർ ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കി തുടങ്ങുമെന്ന് തേക്കടി പിഡബ്ല്യുഡി/ ഡബ്ല്യുആർഡി സെക്ഷൻ നാല് അസിസ്റ്റന്‍റ് എൻജിനീയർ ജില്ല ഭരണകൂടത്തെ അറിയിച്ചു.
പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് മുല്ലപ്പെരിയാർ ഡാമിൻ്റെ ജലനിർഗമന പാതയുടെ ഇരുവശങ്ങളിലുമുള്ള പശുമല, എ.വി.ടി (കടശ്ശിക്കാട് മാട്ടുപെട്ടി ഡിവിഷൻ ഉൾപ്പെടെയുള്ള) എല്ലാ എസ്റ്റേറ്റ് ഉടമസ്ഥതയിലുമുള്ള റോഡുകളിലും ഇടവഴികളിലും ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്ന ഗേറ്റുകൾ തുറന്നു കൊടുക്കണമെന്ന് ജില്ല കലക്‌ടർ ഉടമകൾക്കും ബന്ധപ്പെട്ട അധികൃതർക്കും നിർദേശം നൽകി.
തടസമായി നിൽക്കുന്ന കമ്പിവേലിയും മറ്റും നീക്കം ചെയ്യണമെന്നും ബന്ധപ്പെട്ട എസ്റ്റേറ്റ് മാനേജർമാർക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് അടിയന്തരമായി നടപ്പാക്കുന്നതിന് പീരുമേട് തഹസിൽദാർ, പീരുമേട് ഡി.വൈ.എസ്.പി. എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
READ MORE: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറക്കരുതെന്ന് നാട്ടുകാര്‍