ഇടുക്കി: ഇത്തവണ അടിമാലി കുഴിമണ്ണില്‍ വീട്ടില്‍ രണ്ട് സ്ഥാനാര്‍ഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. രണ്ടാംമൂഴം തദ്ദേശതെരഞ്ഞെടുപ്പില്‍ ജനവിധി തേടാനെത്തുന്ന മോളികുട്ടി ജോണ്‍സനും യുവത്വത്തിന്‍റെ ചുറുചുറുക്കോടെ മകള്‍ സിമി ജോണ്‍സനും മത്സരരംഗത്തുണ്ട്. മോളികുട്ടി അടിമാലി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലും മകള്‍ സിമി പഞ്ചായത്തിലെ പതിനേഴാംവാര്‍ഡിലും ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. മാതാവ് മോളികുട്ടിക്ക് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അനുഭവപാരമ്പര്യമുണ്ടെങ്കില്‍ സിവില്‍ എന്‍ഞ്ചിനിയറിംഗ് പൂര്‍ത്തീകരിച്ച് മകള്‍ സിമി നേരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു കൈനോക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ സിമിയും മോളികുട്ടിയും തങ്ങളുടെ വാര്‍ഡുകളില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കഴിഞ്ഞു. ചിലപ്പോഴൊക്കെ അമ്മയും മകളും ഒരുമിച്ച് തന്നെ പ്രചാരണ ജോലികള്‍ക്കിറങ്ങും. പരസ്പരം പരിചയപ്പെടുത്തി വോട്ടഭ്യര്‍ഥിക്കും. മകളും താനും വിജയപ്രതീക്ഷയോടെയാണ് മുമ്പോട്ട് പോകുന്നതെന്ന് മോളികുട്ടി പറഞ്ഞു. വികസനത്തിലൂന്നിയുള്ള രാഷ്ട്രീയത്തിനാണ് തങ്ങള്‍ വോട്ടുചോദിക്കുന്നതെന്ന് ഈ അമ്മയും മകളും പറയുന്നു. ഒരേ രാഷ്ട്രീയപാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളായതിനാല്‍ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കും തീപ്പൊരി ചര്‍ച്ചകള്‍ക്കും തല്‍ക്കാലം മോളികുട്ടിയുടെയും സിമിയുടെയും അടുക്കളയില്‍ ഇടമില്ല.