ഇടുക്കി: ലോക്ക് ഡൗണിന് ശേഷം ഇടുക്കിയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നതായി ഡിടിപിസി. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും കൊവിഡ് പ്രതിരോധത്തിനായി വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിരുക്കുന്നത്. ഗ്രാമീണ ടൂറിസം മേഖലകളിലടക്കം സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഏറ്റവും അധികം പ്രതിസന്ധി നേരിട്ട മേഖലയാണ് ഇടുക്കിയിലെ ടൂറിസം. റിസോര്‍ട്ടുകളിലും മറ്റ് ടൂറിസം കേന്ദ്രങ്ങളിലും ജോലി ചെയ്തിരുന്ന പതിനായിരകണക്കിന് ആളുകളുടെ വരുമാന മാര്‍ഗം നിലച്ചിരുന്നു. ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭ്യമായതിനെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും തുറന്നു. ഇതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടേക്ക് എത്തുന്നത്.
കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് സഞ്ചാരികളെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് കടത്തി വിടുന്നത്. റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും അനുബന്ധ സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കുന്നു. പുതുവത്സരത്തോടനുബന്ധിച്ച് പെയ്ത കനത്ത മഴ പ്രദേശത്ത് ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. പ്രളയ കാലഘട്ടം മുതല്‍ തുടര്‍ച്ചയായി ഇടുക്കിയിലെ ടൂറിസം മേഖല പ്രതിസന്ധിയിലായിരുന്നു.