ഇടുക്കി : ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനോട് വീട് ഒഴിയാന്‍ റവന്യൂ വകുപ്പ് നോട്ടിസ് കൊടുത്തതിന് പിന്നിൽ താനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് എംഎം മണി. അത് തന്‍റെ പണിയല്ലെന്നും താൻ അങ്ങനെ ആരോടും ചെയ്യാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വീട് നിര്‍മിച്ചിരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്ന് കാണിച്ച് ഏഴ് ദിവസത്തിനകം ഒഴിയണമെന്നാണ് എസ്.രാജേന്ദ്രനോട് റവന്യൂ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
എസ്.രാജേന്ദ്രൻ ഭൂമി കയ്യേറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണ്. എന്നാല്‍ അയാൾ കുടിക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചതെന്നും എംഎം മണി പ്രതികരിച്ചു. പുറമ്പോക്ക് ഭൂമിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നതെന്നും അതിനാല്‍ ഒഴിയണമെന്നും ദേവികുളം സബ് കലക്‌ടര്‍ രാഹുൽ കൃഷ്‌ണ ശർമയുടെ നിർദേശ പ്രകാരം മൂന്നാർ വില്ലേജ് ഓഫിസറാണ് എസ്.രാജേന്ദ്രന്‍ നോട്ടിസയച്ചത്. വീടൊഴിഞ്ഞില്ലെങ്കില്‍ ബലമായി നീക്കുമെന്നും അറിയിച്ചിട്ടുണ്ട്.
എന്നാല്‍ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും എസ്. രാജേന്ദ്രന്‍ അറിയിച്ചു. രാജേന്ദ്രന് പിന്തുണയുമായി സിപിഐയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വീടൊഴിപ്പിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ നടപടികള്‍ തത്കാലം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ദേവികുളം തഹസില്‍ദാറും വ്യക്തമാക്കി.