ഇടുക്കി: എം.എം മണി എംഎല്‍എയുടെ സഹോദരന്‍ ലംബോദരന്‍റെ ഭാര്യയുടെ പേരില്‍ വെള്ളത്തൂവല്‍ വില്ലേജിലെ ഇരുട്ടുകാനത്ത് സിപ്‌ലൈന്‍ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചു നല്‍കിയ ഭൂമിയില്‍ ദേശീയപാതയോടു ചേര്‍ന്നാണ് സാഹസിക ടൂറിസത്തിന്‍റെ ഭാഗമായ സിപ്‌ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള നിര്‍മാണം ആരംഭിച്ചത്. രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിളില്‍ തൂങ്ങി സഞ്ചരിക്കുന്ന സാഹസിക വിനോദമാണ് സിപ്‌ലൈന്‍.
പദ്ധതിക്ക് വെള്ളത്തൂവല്‍ പഞ്ചായത്തും ടൂറിസം വകുപ്പും അനുമതി നല്‍കിയിരുന്നു. എന്നാല്‍ റവന്യു വകുപ്പ് ഇടുക്കി ജില്ലയിൽ വെള്ളത്തൂവല്‍ ഉൾപ്പെടെയുള്ള എട്ട് വില്ലേജുകളില്‍ താത്‌കാലിക നിര്‍മിതികള്‍ക്കു പോലും അനുമതി നല്‍കാത്ത സാഹചര്യമാണ്. കൃഷിക്കും വീട് നിര്‍മാണത്തിനും മാത്രം അനുമതിയുള്ള ഭൂമിയില്‍ സിപ്‌ലൈന്‍ പദ്ധതി കൊണ്ടുവരാന്‍ റവന്യു അധികൃതര്‍ നിയമവിരുദ്ധമായി സഹായിച്ചുവെന്നാണ് ആരോപണം.
ദേശീയപാത ഉൾപ്പെടെ കൈയേറിയാണ് നിർമാണ പ്രവർത്തനം നടത്തുന്നതെന്നും ഇതിനെതിരെ നടപടി വേണമെന്നും അടിമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ജോർജ് തോമസ് ആവശ്യപ്പെട്ടു. സ്ഥിര നിര്‍മിതിയല്ലാത്തതിനാല്‍ റവന്യു വകുപ്പിന്‍റെ അനുമതി പത്രം ആവശ്യമില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
2018ലെ പ്രളയത്തില്‍ ഇതിനു സമീപമുള്ള സ്വകാര്യ ജലവൈദ്യുത പദ്ധതി പ്രദേശത്ത് ഉരുള്‍പൊട്ടി നാശനഷ്‌ടം ഉണ്ടായ മലയോടു ചേര്‍ന്നാണു നിര്‍മാണം നടന്നുവരുന്നത്. നിയമാനുസൃതമായ രീതിയില്‍ മാത്രമാണു പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് ലംബോദരന്‍ പ്രതികരിച്ചു.