ഇടുക്കി : അഞ്ചേരി ബേബി വധക്കേസിൽ തന്നെ അകാരണമായി കുടുക്കിയതില്‍ നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുന്‍ മന്ത്രി എം.എം മണി. തനിക്കെതിരെ കള്ളക്കേസ് എടുത്തവരെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കേസ് നടത്തിപ്പിനായി വക്കീലിനെ ഏർപ്പാടാക്കിയെന്നും എം.എം മണി മുണ്ടിയെരുമയിൽ പറഞ്ഞു. അഞ്ചേരി ബേബി വധത്തിന്‍റെ പുനരന്വേഷണത്തിൽ പ്രതിചേർക്കപ്പെട്ട എം.എം മണി ഉൾപ്പടെ മൂന്നുപേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബർ 13നാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. പിന്നീട് സിപിഎം ഇടുക്കി മുൻ ജില്ല സെക്രട്ടറിയായിരിക്കെ എം.എം മണി മണക്കാട് വച്ച് 2012 മെയ് 25ന് നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് ഈ കേസിൽ പുനരന്വേഷണം ആരംഭിച്ചു.
Read more: വൺ, ടു, ത്രീ... കുറ്റവിമുക്തനായി എം.എം മണി... ഇനിയും ചുരുളഴിയാതെ അഞ്ചേരി ബേബി വധക്കേസ്..
തുടര്‍ന്ന് എം.എം മണി, ഒ.ജി മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരെ കേസില്‍ പ്രതി ചേർക്കുകയുമായിരുന്നു. ഇതിനെതിരെ പ്രതികൾ സെഷൻസ് കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളി. സെഷൻസ് കോടതി വിധി ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിലാണ് എം.എം മണി ഉൾപ്പടെയുള്ളവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.