ഇടുക്കി: ജില്ലയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്‌ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വെള്ളിയാഴ്‌ച നടക്കും. പുലര്‍ച്ചയ്‌ക്ക് നാല് മണിക്ക് ദൗത്യം ആരംഭിക്കും. സിസിഎഫിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് വനം വകുപ്പ് മോക്ക്ഡ്രിൽ നടത്തുന്നത്. ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്ന കാര്യം വനം വകുപ്പ് പുറത്തുവിട്ടിട്ടില്ല. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി.
മിഷന്‍ അരിക്കൊമ്പന്‍ നടത്താന്‍ തീരുമാനമായതോടെ ഇതിന് മുന്നോടിയായി മോക്ക്‌ഡ്രില്‍ നടത്തി. ദൗത്യത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകളെയും ഉള്‍കൊള്ളിച്ചാണ് മോക്‌ഡ്രില്‍ നടത്തുക. ഇതിനായി വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം കഴിഞ്ഞ ദിവസം ചിന്നക്കനാലില്‍ എത്തിയിരുന്നു.
പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും മോക്ക്‌ഡ്രില്ലില്‍ പങ്കെടുക്കും. ഓരോരുത്തരും ചെയ്യേണ്ട ജോലികളും നിൽക്കേണ്ട സ്ഥലവും വനം വകുപ്പ് വിവരിച്ച് നൽകും. മയക്കുവെടിവയ്‌ക്കുന്നവര്‍ ഉള്‍പ്പെടെ എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു. ഇവർക്ക് വേണ്ട നിർദേശങ്ങളും നൽകിയതാണ്.
ഇത്രയും കാലം പിടികൊടുക്കാതെ അരിക്കൊമ്പന്‍: ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍, രാജക്കാട്, പന്നിയാര്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലെത്തി ആക്രമണം പതിവാക്കിയ അരിക്കൊമ്പനെ പിടികൂടാന്‍ കഴിഞ്ഞ മാസം അവസാനമാണ് ഹൈക്കോടതി വിദഗ്‌ധ സമിതി രൂപീകരിച്ചത്. ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടി ഉള്‍വനത്തിലേക്ക് കയറ്റി വിടുകയോ കൂട്ടില്‍ അടയ്‌ക്കുകയോ ചെയ്യുന്നതിന് പകരം വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന് ഹൈക്കോടതിയുടെ തീരുമാനത്തിന് പിന്നാലെയാണ് വിദഗ്‌ദ സമിതിയുടെ രൂപീകരണം. വിഷയത്തില്‍ വിശദ പഠനം നടത്തി കോടതിയില്‍ പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ജനങ്ങളെ ആശങ്കയിലാക്കി ഹൈക്കോടതി: അരിക്കൊമ്പന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ അരങ്ങേറുന്നതിനിടെയുണ്ടായ ഹൈക്കോടതി വിധി ഇടുക്കി നിവാസികളെ ഏറെ ആശങ്കയിലാക്കിയെങ്കിലും ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത ഏറെ ആശ്വസകരമാണ്. റേഡിയോ കോളര്‍ ഘടിപ്പിച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് അയച്ചാല്‍ എന്താണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
വന്യമൃഗങ്ങളുടെ വാസസ്ഥലത്ത് സെറ്റില്‍മെന്‍റ് കോളനികള്‍ സ്ഥാപിച്ചതാണ് പ്രശ്‌നമായതെന്നും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയില്‍ വീടുകള്‍ നിര്‍മിച്ചത് മൃഗങ്ങളുടെ സ്വൈര്യവിഹാരത്തിന് തടസമാകുന്നതാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പനെ പിടികൂടാന്‍ നേരത്തേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും ഹൈക്കോടതി വിധിയെ തുടര്‍ന്ന് വൈകുകയായിരുന്നു. ദൗത്യം നടപ്പിലാക്കാന്‍ വയനാട്ടിലെ മുത്തങ്ങയില്‍ നിന്നടക്കം നാല് കുങ്കിയാനകളെയാണ് എത്തിച്ചത്. വടക്കനാട് കൊമ്പന്‍ എന്നറിയപ്പെടുന്ന വിക്രം എന്ന കുങ്കിയാനയാണ് ആദ്യം ചിന്നക്കനാലില്‍ എത്തിയത്. പിന്നാലെ സുരേന്ദ്രനും സൂര്യനും കുഞ്ചുവുമെല്ലാം എത്തിയിരുന്നു.