ഇടുക്കി: 2018ലെ പ്രളയത്തിൽ തകർന്ന മുരിക്കാശേരി തേക്കിൻതണ്ട് പെരിയാർവാലി റോഡിന്‍റെ ശോചനീയാവസ്ഥയിൽ ബുദ്ധിമുട്ടുകയാണിന്ന് പ്രദേശവാസികൾ. റോഡ് നാളിതുവരെയായി പുനർനിർമിക്കാത്തതിലുള്ള പ്രദേശവാസികളുടെ പ്രതിഷേധവും ശക്തമാവുകയാണ്.
കഞ്ഞിക്കുഴി വാത്തിക്കുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കീരിത്തോട് പെരിയാർവാലി മുരിക്കാശ്ശേരി റോഡിന്‍റെ ഭാഗമായ തേക്കിൻതണ്ട് മുരിക്കാശേരി റോഡാണ് കാൽനട യാത്രപോലും സാധ്യമല്ലാതായി മാറിയിരിക്കുന്നത്. പ്രളയത്തിൽ പൂർണമായും തകർന്ന റോഡിന്‍റെ അറ്റകുറ്റപണികൾ ഇതുവരെ നടത്തിയിട്ടില്ല.
കീരിത്തോട്ടിൽ നിന്ന് എട്ട് കിലോ മീറ്റർ സഞ്ചരിച്ചാൽ മുരിക്കാശ്ശേരിയിൽ എത്താം. എന്നാൽ റോഡ് പൂർണമായും തകർന്നതോടെ കിലോമീറ്ററുകൾ ചുറ്റി വേണം വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് ഇവിടേക്കെത്തുവാൻ. ഗ്രാമീണ റോഡുകളോട് പിഡബ്ല്യൂഡി അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് റോഡിന്‍റെ അറ്റകുറ്റപണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.