ഇടുക്കി: കഞ്ഞിക്കുഴിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ കഞ്ഞിക്കുഴി പൊലീസ് അറസ്‌റ്റ് ചെയ്‌തു. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി കളത്തിൽ ജിഷ്‌ണു ഉത്തമന്‍ (32) ആണ് പിടിയിലായത്. വർക്ക് ഷോപ്പ് ജീവനക്കാരനായ ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരുന്നതായാണ് പരാതി.
സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ഇടുക്കി വനിത പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്‌ച (ജൂലൈ 22) രാവിലെ കഞ്ഞിക്കുഴി പൊലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു. തുടർന്ന് ചോദ്യംചെയ്യൽ പൂർത്തിയാക്കി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വിവാഹ വാഗ്‌ദാനം നല്‍കി പീഡനം: അടുത്തിടെ കൊല്ലം കടയ്ക്കലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിലായിരുന്നു. സംഭവത്തില്‍ ആനതറമല സ്വദേശിയായ വിഷ്‌ണുലാലാണ് (28) പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ വിവാഹ വാഗ്‌ദാനം നൽകി ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്യുകയുണ്ടായി.
കുട്ടിയിൽ മാനസിക പ്രശ്‌നങ്ങളും വിഷാദ രോഗവും കണ്ടതിനെ തുടർന്ന് കുട്ടിയുടെ മാതാവാണ് വിവരം തെരക്കിയത്. എന്നാൽ കുട്ടി ഒന്നും പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. തുടർന്ന് മാതാവ് കുട്ടിയിൽ വന്ന മാറ്റം കടയ്ക്കൽ സിഐ രാജേഷിനെ അറിയിച്ചു. സിഐ ഇടപെട്ട് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ഫെബ്രുവരി 19 മുതൽ വിഷ്‌ണു തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി വന്നിരുന്നതായും പീഡന വിവരം പുറത്തുപറഞ്ഞാൽ വിവാഹം കഴിക്കില്ലെന്ന് ഇയാൾ പറഞ്ഞിരുന്നെന്നും കുട്ടി മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് വിഷ്‌ണുലാലിനെതിരെ കുട്ടികൾക്കെതിരെയുളള ലൈംഗിക അതിക്രമം തടയൽ (പോക്‌സോ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പിന്നാലെ രാത്രിയോടെ വിഷ്‌ണുലാലിനെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്‌തു. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് താൻ എത്തി കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നൽകി. പിന്നാലെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.
മകള്‍ക്കുനേരെ ലൈംഗികാതിക്രമം: ഇക്കഴിഞ്ഞ മെയ് 17ന് പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പെണ്‍കുട്ടിയുടെ പിതാവും പിതാവിന്‍റെ സുഹൃത്തും അറസ്റ്റിലായിരുന്നു. ഇടുക്കി ചെറുതോണി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഈ സംഭവം. അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും പൊലീസ് പിടിയിലായത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കാൻ ശ്രമിക്കുമായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകി.
മാതാവ് വിദേശത്ത് ജോലി ചെയ്യുന്നതിനാൽ പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇതിനിടെ പിതാവ് സുഹൃത്തുമായി വീട്ടിലെത്തുകയും വീട്ടിലിരുന്ന് മദ്യപിക്കുന്നതും പതിവായിരുന്നുവെന്നും മദ്യപിച്ച ശേഷം പിതാവിന്‍റെ സുഹൃത്തും പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം ആരംഭിച്ചു. ഇരുവരുടെയും പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പെണ്‍കുട്ടി വിദേശത്തുള്ള മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെയാണ് മാതാവിന്‍റെ നിർദേശപ്രകാരം പെണ്‍കുട്ടി പൊലീസിൽ പരാതി നൽകുന്നതും അറസ്‌റ്റും.