ഇടുക്കി: കൊവിഡ് കാലത്ത് ഫലപ്രദമായി ഉപയോഗിക്കാവുന്ന ചികിത്സാ സമ്പ്രദായമാണ് ആയുർവേദമെന്ന് മന്ത്രി എം.എം മണി. രാജാക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ ഒപി ബ്ലോക്കിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. പത്ത് ലക്ഷം രൂപയുടെ എംഎൽഎ ഫണ്ടും 18 ലക്ഷത്തിന്‍റെ ഗ്രാമപഞ്ചായത്ത് വിഹിതവുമുൾപ്പടെ 28 ലക്ഷത്തിന്‍റെ അടങ്കൽ തുക ഉപയോഗിച്ചാണ് പുതിയ ഒപി ബ്ലോക്ക് പണി കഴിപ്പിച്ചത്. ആയുഷ് മന്ത്രാലയത്തിന്‍റെ ആയുഷ്മാൻ ഭാരത് പരിപാടിയുടെ ഭാഗമായി രാജാക്കാട് ആയുർവേദ ആശുപത്രിയിലാണ് പുതിയ സെന്‍റർ പ്രവർത്തനമാരംഭിച്ചത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രത്യേക ലഘു ചികിത്സാക്രമങ്ങൾ, ഔഷധ സസ്യങ്ങളുടെ സംരക്ഷണം, ഗൃഹ ഔഷധികളുടെ ഉപയോഗക്രമം, യോഗ പരിശീലനം എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ അധികൃതർ ലക്ഷ്യമിടുന്നത്.
ആയുർവേദ ചികിത്സാ സമ്പ്രദായം വികസിപ്പിക്കേണ്ടതും നിലനിർത്തേണ്ടതും അത്യന്താപേക്ഷിതമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി ആളുകളുടെ അശ്രദ്ധ കൊവിഡിനെ കൂടുതൽ അപകടകാരിയാക്കുമെന്നും ചടങ്ങിൽ പറഞ്ഞു. രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ് സതി അധ്യക്ഷയായി.