ഇടുക്കി: ജില്ലയിലെ 20 ദുരിതാശ്വാസ ക്യാമ്പുകളും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും നഷ്ടം സംഭവിച്ചവര്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം ഉറപ്പ് വരുത്തുമെന്നും മന്ത്രി സി രവീന്ദ്രനാഥ്. അടിമാലി മച്ചിപ്ലാവില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്‌ച ഉച്ചക്ക് ശേഷമായിരുന്നു മന്ത്രി മച്ചിപ്ലാവ് അസീസി പള്ളിയുടെ ഭാഗമായുള്ള സണ്‍ഡേ സ്‌കൂളില്‍ പ്രവര്‍ത്തിച്ച് വരുന്ന ക്യാമ്പില്‍ എത്തിയത്. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു.
ക്യാമ്പില്‍ കഴിയുന്നവരുടെ പുനരധിവാസത്തിനൊപ്പം കാലവര്‍ഷക്കെടുതിയില്‍ ഏതെങ്കിലും വിധത്തിലുള്ള നഷ്ടം സംഭവിച്ചവര്‍ക്കെല്ലാം അടിയന്തിര സഹായമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയാണ് മന്ത്രി അടിമാലിയില്‍ നിന്നും മടങ്ങിയത്. മുന്‍ ഇടുക്കി എംപി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ്, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.