ഇടുക്കി: വാസയോഗ്യമായ വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചെല്ലപ്പനും കുടുംബവും. ചെല്ലപ്പന്‍റേയും കുടുംബത്തിന്‍റേയും ദുരിത ജീവിതത്തെ പറ്റിയുള്ള വാർത്ത ശ്രദ്ധിച്ച മുരിക്കുംതൊട്ടി മോന്‍റ് ഫോർട്ട് സ്കൂൾ അധികൃതരാണ് സഹായ ഹസ്തവുമായി എത്തിയത്. നിർമാണം പൂർത്തികരിച്ച വീടിന്റെ താക്കോൽ ദാനം നടന്നു.
രോഗങ്ങള്‍ക്ക് നടുവില്‍ ദുരിത്തിലായ കുടുംബമാണ് രാജകുമാരി മുള്ളംതണ്ട് സ്വദേശി കൊച്ചുകാട്ടില്‍ ചെല്ലപ്പന്‍റേത്. മരംവെട്ട് തൊഴിലാളിയായ ചെല്ലപ്പൻ മൂന്ന് വര്‍ഷം മുമ്പാണ് മരത്തില്‍ നിന്നും വീണ് കൈകാലുകള്‍ തളര്‍ന്ന് കിടപ്പിലാകുന്നത്. ഇതോടെ രണ്ട് പെൺകുട്ടികളുടെ പഠന ചെലവിനും ചികിത്സാ ചെലവിനുമായി ഭാര്യ പുഷ്പ കൂലിവേലക്ക് പോയി. എന്നാല്‍ കോൺക്രീറ്റ് ജോലിക്ക് ഇടയിൽ അപകടം പറ്റി നട്ടെല്ലിന് കമ്പിയിട്ട് പുഷ്പയും കിടപ്പിലായി. ഇതോടെ കുടുംബം മുഴു പട്ടിണിയിലായി. കുട്ടികളുടെ പഠനമടക്കം നിലയ്ക്കുന്ന അവസ്ഥയും. പ്രദേശവാസികളുടെയും ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റിന്‍റേയും സഹായത്തോടെയാണ് ഇവർ ജീവിതം തള്ളി നീക്കിയത്. പ്രളയത്തെ തുടർന്ന് ചുമര് വിണ്ടു കീറുകയും തറ ഇടിയുകയും ചെയ്തതോടെ വീട് വാസയോഗ്യമല്ലാതായി. വാർത്തകളിലൂടെ ഇവരുടെ അവസ്ഥ അറിഞ്ഞ മോന്‍റ് ഫോർട്ട് സ്കൂൾ പ്രിൻസിപ്പല്‍ ബ്രദർ ജോയി ചെല്ലപ്പനെയും കുടുംബത്തെയും സന്ദർശിക്കുകയും സഹായ വാഗ്ദാനം നൽകുകയും ചെയ്തു. സമീപത്തെ വാടക വീട്ടിലേക്ക് മാറ്റിപാർപ്പിച്ചാണ് യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ വീട് നിർമിച്ച് താക്കോൽ കൈമാറിയത്. പ്രളയ കെടുതിയിൽ നശിച്ച ഏഴോളം വീടുകളാണ് മുരിക്കുംതൊട്ടി മോന്‍റ് ഫോർട്ട് സ്കൂൾ പണിതു നൽകുന്നത്. രാജകുമാരി പഞ്ചായത്തിലെ കത്രീനക്കും,ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ വൃദ്ധ ദമ്പതികൾക്കും നിർമാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി. ബാക്കി വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.