ഇടുക്കി: അണിഞ്ഞൊരുങ്ങി ആഢംബരത്തോടെ നാട്ടുകാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുന്നില്‍ വിവാഹം നടത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ കൊവിഡും ലോക്ക് ഡൗണും വന്നതോടെ എല്ലാം മുടങ്ങി. പക്ഷേ ആഘോഷങ്ങളില്ലെങ്കിലും ഈ ലോക്ക് ഡൗണില്‍ മൂന്നാർ മാട്ടുപ്പെട്ടിയില്‍ നടന്ന വിവാഹം കൗതുകമായി. ലോക്ക് ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ചതോടെ മൂന്നാര്‍ മാട്ടുപ്പെട്ടി സ്വദേശികളായ ശേഖറിന്‍റെയും ശാന്തയുടെയും മകള്‍ പ്രിയങ്കയുടേയും കോയമ്പത്തൂര്‍ ശരവണംപെട്ടി സ്വദേശികളായ മൂര്‍ത്തി -ഭാഗ്യത്തായി ദമ്പതികളുടെ മകന്‍ റോബിന്‍സണ്‍ എന്നിവരുടെ വിവാഹം നടുറോഡില്‍ നടത്തിയതാണ് നാട്ടുകാർക്ക് കൗതുകമായത്. മാര്‍ച്ച് 22 ന് നടത്താനിരുന്ന വിവാഹം ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.
പഴനി- ശബരിമല പാതയില്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് മുമ്പിലായി രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഇരുവരും താലിചാര്‍ത്തി പരസ്പരം മോതിരം അണിയിച്ചു. സാമൂഹിക അകലം പാലിച്ചും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുമാണ് വിവാഹം നടന്നത്. വിവാഹ ശേഷം വരനോടൊപ്പം പ്രിയങ്ക മാത്രമാണ് തമിഴ്നാട് അതിര്‍ത്തിയിലേക്ക് കടന്നത്. ചിന്നാര്‍ എക്സൈസ് ചെക്ക് പോസ്റ്റിലേയും വനം വകുപ്പിലേയും ജീവനക്കാര്‍ വിവാഹ ചടങ്ങിനാവശ്യമായ സഹായങ്ങള്‍ ഒരുക്കി നല്‍കി. വരന്‍ തമിഴ്‌നാട് സ്വദേശി ആയതിനാലാണ് സംസ്ഥാന അതിര്‍ത്തിയില്‍ വിവാഹം നടത്തിയത്. റവന്യു, പൊലീസ് വകുപ്പിന്‍റെ അനുമതിയോടു കൂടി ഇരുപതില്‍ താഴെ അംഗങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്.