ഇടുക്കി: പ്രളയം തകര്‍ത്ത മാങ്കുളം ആറാംമൈലിലെ തൂക്കുപാലം വീണ്ടും പുനര്‍ നിര്‍മ്മിച്ചു. മാങ്കുളം ആറാംമൈലില്‍ ജോര്‍ജ്ജിയാര്‍ പള്ളിക്ക് സമീപം നല്ലതണ്ണിയാറിന് കുറുകെയായിരുന്നു ആട്ടുപാലമെന്ന് നാട്ടുകാര്‍ വിളിക്കുന്ന പഴയ തൂക്കുപാലം സ്ഥിതി ചെയ്‌തിരുന്നത്. പ്രളയത്തിൽ തകർന്ന പഴയ പാലത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് പഞ്ചായത്ത് അധികൃതർ പുതിയ തൂക്കുപാലം നിര്‍മ്മിച്ചത്.
പ്രദേശവാസികള്‍ ആറിനക്കരെ കടക്കുവാൻ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് ഈ തൂക്കുപാലത്തെയായിരുന്നു. കൂടാതെ മാങ്കുളത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയായിരുന്നു ഈ തൂക്കുപാലം. പാലത്തില്‍ കയറി ചിത്രം പകര്‍ത്തുവാനും പുഴയുടെ ഭംഗി ആസ്വദിക്കാനും ദിവസവും ധാരാളം സഞ്ചാരികളാണ് ഇവിടേക്ക് എത്തിയിരുന്നത്.
എന്നാല്‍ പ്രളയകാലത്ത് പാലം തകര്‍ന്നതോടെ നാട്ടുകാരുടെ യാത്രാമാര്‍ഗ്ഗം ഇല്ലാതായതിനൊപ്പം പ്രദേശത്തിന്‍റെ വിനോദ സഞ്ചാര സാധ്യതകൾക്കും മങ്ങലേറ്റു. ഇതിനെ തുടർന്നാണ് അധികൃതർ പുതിയ പാലം നിർമ്മിച്ചത്.
പുഴക്ക് ഇരുവശവും വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മ്മിച്ച് അതിലാണ് 54 മീറ്റര്‍ നീളമുള്ള തൂക്കുപാലം ബന്ധിപ്പിച്ചിട്ടുള്ളത്. പുഴ കരകവിഞ്ഞാലും അതിജീവിക്കാന്‍ കഴിയും വിധമാണ് പുതിയ തൂക്കുപാലത്തിന്‍റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ തൂക്കുപാലം മാങ്കുളത്തിന്‍റെ വിനോദ സഞ്ചാര മേഖലക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ.