ഇടുക്കി : കമ്പംമെട്ടിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കമ്പംമെട്ട് സ്വദേശി സൂരജ് (19) ആണ് അറസ്റ്റിലായത്. കൊല്ലം ചാത്തന്നൂരിൽ ബന്ധുവിന്‍റെ വീട്ടിൽ ആയിരുന്ന പെൺകുട്ടിയെ ഇവിടെ നിന്നും കാണാതാകുകയായിരുന്നു.
ഇതേ തുടർന്ന് ബന്ധുക്കൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തി വന്ന അന്വേഷണത്തിൽ പെൺകുട്ടി കമ്പംമെട്ട് ഭാഗത്തുള്ളതായി മനസിലായി. കമ്പംമെട്ട് സ്വദേശിയായ പെൺകുട്ടി ചാത്തന്നൂരിൽ നിന്നും കമ്പംമെട്ടിലേക്ക് തിരിച്ച് വരും വഴി കട്ടപ്പനയിൽ എത്തിയ ശേഷം സൂരജിനെ വിളിച്ചിരുന്നു. ശേഷം ഇരുവരും ഒന്നിച്ചാണ് കമ്പംമെട്ടിലെത്തിയത്.
പരാതി ലഭിച്ചത് ചാത്തന്നൂർ പൊലീസ് പരിധിയിലായതിനാൽ ചാത്തന്നൂർ പൊലീസ് കമ്പംമെട്ടിൽ വന്ന് പെൺകുട്ടിയെ ചാത്തന്നൂരിൽ എത്തിച്ച് മൊഴിയെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ മാെഴിയിലാണ് ഇയാൾക്കെതിരെ പോക്‌സോ ആക്‌ട് പ്രകാരം കേസെടുത്തത്. ലൈംഗികാതിക്രമം നടന്നത് കമ്പംമെട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ്. ശനിയാഴ്‌ച സൂരജിനെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്‌തു.
14 വയസുകാരനെ പീഡിപ്പിച്ചു : ഇന്നലെ(മെയ് 13) ജില്ലയിൽ പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡനായ കല്ലാർകുട്ടി നായ്ക്കുന്ന് കവല ചാത്തൻപാറയിൽ രാജൻ (58) എന്നയാളാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ പ്രതി 14 വയസുകാരനെ ഹോസ്റ്റൽ പരിസരം ശുചീകരിക്കുന്നതിന് വിളിച്ചുവരുത്തി. ശുചീകരണത്തിന് വന്ന മറ്റ് ആളുകൾ പോയതിനുശേഷം ഹോസ്റ്റലിന് സമീപത്തെ കാട്ടിൽ കുട്ടിയെ എത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.
മാനസിക ബുദ്ധിമുട്ട് കാരണം വിവരം പുറത്ത് പറയാതിരുന്ന കുട്ടി, ഈ അടുത്ത് പള്ളികളിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്‌കൂളിൽ ക്ലാസുകൾ നയിച്ച അധ്യാപകർ ഇത്തരം അക്രമങ്ങൾ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കളെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.