ഇടുക്കി: കട്ടപ്പനയില്‍ അയല്‍വാസി കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. ഇടുക്കി ആനകുത്തി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കോൽക്കാട്ടിൽ പ്രസാദിനാണ് പരിക്കേറ്റത്. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്‌ച രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് അയൽവാസിയായ ചാണകപ്പാറ വീട്ടിൽ അനീഷ് വെട്ടി പരിക്കേൽപ്പിച്ചതെന്ന് പ്രസാദ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന അനീഷ് ഓടിച്ച ഓട്ടോറിക്ഷ വീടിന് സമീപത്ത് വച്ച് അപകടത്തില്‍പ്പെടുകയും സഹായിക്കാൻ ചെന്നപ്പോൾ വെട്ടേല്‍ക്കുകയായിരുന്നുവെന്നും പ്രസാദ് പറഞ്ഞു. കുടുംബാംഗങ്ങളുടെ മുൻപിൽ വച്ചായിരുന്നു ആക്രമണം നടന്നത്. തലയ്ക്ക് പരിക്കേറ്റ പ്രസാദ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനീഷ് നിരവധി കേസുകളിൽ പ്രതിയാണെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.