ഇടുക്കി: ട്രെയിൻ സർവീസ് ഇല്ലാത്ത ഇടുക്കിയിൽ നിന്നും ലോക്കോപൈലറ്റ് ആകുകയാണ് വണ്ടിപ്പെരിയാർ സ്വദേശിനി കാർത്തിക. ഈ മാസം ഇരുപത്തിരണ്ടിന് ചെന്നൈ റെയിൽവേ ഡിവിഷനിൽ കാർത്തിക ജോലിയിൽ പ്രവേശിക്കും.
ഇത് ആദ്യമായാണ് ഇടുക്കിയിൽ നിന്നും ഒരാൾ ലോക്കോ പൈലറ്റ് ആകാന്‍ ഒരുങ്ങുന്നത്. വണ്ടിപ്പെരിയാർ ഡൈമൂക്കിൽ രാജനില്ലം വീട്ടിൽ മനോന്മണി - രാജൻ ദമ്പതികളുടെ മൂത്ത മകളായ കാർത്തിക (23) ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ശേഷമാണ് റെയിൽവേ സർവീസിൽ ജോലി നേടിയത്. ഈ മാസം അവസാനത്തോടു കൂടി ലോക്കോ പൈലറ്റ് ട്രെയിനിങ്ങിനായി കാർത്തിക ട്രിച്ചിയിലേക്ക് പോകും. മാതാപിതാക്കളുടെയും സഹപാഠികളുടെയും പിന്തുണയോടെ കഴിഞ്ഞ രണ്ടു വർഷക്കാലം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തനിക്ക് ഈ ഭാഗ്യം ലഭിച്ചതെന്ന് കാർത്തിക പറയുന്നു. നാല് മാസത്തെ ട്രെയിനിങ്ങിന് ശേഷം നാല് വർഷം അസിസ്റ്റന്‍റ് ലോക്കോ പൈലറ്റായും പിന്നീട് ലോക്കോ പൈലറ്റായും സ്ഥാനക്കയറ്റം ലഭിക്കും. തോട്ടം മേഖലയിൽ നിന്ന് ലോക്കോ പൈലറ്റ് സ്ഥാനത്തേക്ക് വരുന്ന കാർത്തികയുടെ മികവിനെ നാടൊന്നാകെ അഭിനന്ദിക്കുകയാണ്.