ഇടുക്കി: വണ്ടിപ്പെരിയാർ 40 പുതുവലിൽ പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ കെണിയിലകപ്പെട്ടു. കഴിഞ്ഞ എട്ട് മാസമായി ഭീഷണി ഉയര്‍ത്തിയിരുന്ന പുലിയാണ് ഇന്നലെ (സെപ്‌റ്റംബർ 19) രാത്രിയോടെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടത്. കൂട് സ്ഥാപിച്ച് 13 ദിവസങ്ങൾക്ക് ശേഷമാണ് പുലി കെണിയിലകപ്പെട്ടത്.
കുറച്ച് നാളുകള്‍ക്ക് മുൻപ് പ്രദേശവാസിയുടെ രണ്ട് ആടുകളെ പുലി പിടിച്ചിരുന്നു. ഇതോടെ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് പിന്നാലെ കുമളി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ നിന്നും വനപാലകരെത്തി ക്യാമറ സ്ഥാപിക്കുകയും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്‌തു.
വേറെയും പുലികളുള്ളതായി സംശയം: പ്രദേശത്ത് പുള്ളി പുലിയുടെ സാന്നിധ്യമാണുള്ളതെന്ന് മനസിലാക്കിയതോടെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. പുലിയെ പിടികൂടുന്നതിനായി നാട്ടുകാർ തന്നെ ആടിനെ കൂട്ടിൽ ഇടുകയായിരുന്നു. ജനവാസ മേഖലയുടെ 50 മീറ്റർ അകലെയായിട്ടായിരുന്നു കൂട് സ്ഥാപിച്ചിരുന്നത്.
പുലി കെണിയിൽ അകപ്പെട്ടുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുമളി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ വൈൽഡ് ലൈഫ് ഡോക്‌ടർ അടക്കമുള്ള വനപാലക സംഘം സ്ഥലത്തെത്തി. പുലിയെ തേക്കടി വനമേലഖലയിലെത്തിച്ച് തുറന്നു വിടാനാണ് വനം വകുപ്പിന്‍റെ തീരുമാനം. അതേസമയം കെണിയിലകപ്പെട്ട പുലിയെ കൂടാതെ വേറയും പുലികൾ പ്രദേശത്ത് എത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.