ഇടുക്കി: ഇടുക്കി ചെങ്കുളം പവര്‍ ഹൗസിലേയ്ക്കുള്ള പെന്‍സ്റ്റോക് പൈപ്പില്‍ ചോര്‍ച്ച. ചെങ്കുളം ജലാശയത്തില്‍ നിന്നും വെള്ളത്തൂവല്‍ വിമലാ സിറ്റിയിലുള്ള പവര്‍ ഹൗസിലേയ്ക്ക് വെള്ളമെത്തിക്കുന്ന കൂറ്റന്‍ പെന്‍സ്റ്റോക് പൈപ്പിലാണ് ചോര്‍ച്ചയുണ്ടായത്. പവര്‍ ഹൗസില്‍ നിന്നും ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് ചോര്‍ച്ച കണ്ടെത്തിയത്.
1955ല്‍ കമ്മിഷന്‍ ചെയ്‌ത പദ്ധതിയുടെ പെന്‍സ്റ്റോക് പൈപ്പുകള്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ചു തുടങ്ങിയതാവാം ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് ആരോപണം. രണ്ട് വര്‍ഷം മുമ്പ് ഇതേ പൈപ്പിന്‍റെ മുകള്‍ ഭാഗത്ത് മറ്റൊരു ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഈ സംഭവം വാര്‍ത്തയായതിന് പിന്നാലെ ചോര്‍ച്ച അടയ്ക്കുകയായിരുന്നു.
2007ല്‍ ചെങ്കുളം പവ്വര്‍ ഹൗസിന് എതിര്‍വശത്തുള്ള പന്നിയാര്‍ പവ്വര്‍ ഹൗസിന്‍റെ പെന്‍സ്റ്റോക് പൈപ്പ് പൊട്ടിയിരുന്നു. പന്നിയാര്‍ ദുരന്തം നടന്ന് പതിനാല് വര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചെങ്കുളം പവര്‍ ഹൗസിലേയ്ക്കുള്ള പെന്‍സ്റ്റോക് പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തിയത്. അതേസമയം, നിലവിലെ ചോര്‍ച്ച അധികൃതര്‍ ഗൗനിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Also read: പള്ളിവാസല്‍ പവര്‍ ഹൗസിന്‍റെ പെന്‍സ്‌റ്റോക് പൈപ്പിന് ചോര്‍ച്ച