ഇടുക്കി: ഇടുക്കിയിൽ എൽഡിഎഫ് നടത്തുന്ന ഹർത്താൽ പൂർണം. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലയിൽ ഇന്ന് (10.06.22) ഹർത്താൽ ആചരിക്കുന്നത്.
ആദ്യ മണിക്കൂറുകളിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലെയും കടകൾ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങിയിട്ടുളളത്. ചെക്ക് പോസ്റ്റുകളിലൂടെയുളള ചരക്ക് ഗതാഗതം രാവിലെ അഞ്ചുമണിയോടു കൂടി നിലച്ചു.
നെടുങ്കണ്ടം, കട്ടപ്പന, അടിമാലി, തൊടുപുഴ, ശാന്തൻപാറ, രാജാക്കാട്, കമ്പംമെട്ട്, തൂക്കുപാലം, പുളിയന്മല മേഖലകളിലും കട കമ്പോളങ്ങൾ അടഞ്ഞ സ്ഥിതിയാണ്. തോട്ടം മേഖലകളിലും ജോലികൾ സ്‌തംഭിപ്പിച്ചു. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിലൂടെ വാഹനങ്ങൾ കടന്നുവരുന്നില്ല.
അതേസമയം കുമളി ചെക്ക് പോസ്റ്റ് വഴി സ്വകാര്യ വാഹനങ്ങള്‍ എത്തുന്നുണ്ട്. കേരളത്തിലേക്കുള്ള തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് സർവീസുകൾ താത്‌കാലികമായി നിർത്തിവച്ചു. എന്നാൽ കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവീസ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളി വാഹനങ്ങളും ഇന്ന് എത്തിയില്ല.
READ MORE: ബഫര്‍ സോണ്‍: ഇടുക്കിയില്‍ വെള്ളിയാഴ്ച എല്‍.ഡി.എഫിന്‍റെയും 16ന് യു.ഡി.എഫിന്‍റെയും ഹര്‍ത്താല്‍