ഇടുക്കി: നെടുങ്കണ്ടം കൂട്ടാറിന് സമീപം ഈറ്റക്കാനത്ത് ഏലത്തോട്ടത്തിൽ നിന്ന ചന്ദനമരം രാത്രിയുടെ മറവിൽ മുറിച്ച് കടത്തി. വടക്കേമുറി ബിജുമോന്‍റെ പുരയിടത്തിൽ നിന്നാണ് മോഷ്ടാക്കൾ ചന്ദനം കവർന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നൂറോളം ചന്ദനമരങ്ങളാണ് പട്ടംകോളനി മേഖലയിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.
മറയൂർ കഴിഞ്ഞാൽ ഇടുക്കിയിൽ ഏറ്റവും കൂടുതൽ ചന്ദന മരങ്ങൾ വളരുന്നത് നെടുങ്കണ്ടം പട്ടം കോളനി മേഖലയിലാണ്. ഒരിടവേളയ്ക്ക് ശേഷമാണ് മേഖലയിൽ നിന്നും വീണ്ടും ചന്ദനം മോഷണം പോകുന്നത്. മഴക്കാലത്താണ് മേഖലയിലേക്ക് ചന്ദന മോഷ്ടാക്കൾ അധികവും എത്താറുള്ളത്. മുറിച്ച ചന്ദന മരത്തിന്‍റെ തായ്ത്തടി മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. മരത്തിന്‍റെ ബാക്കിഭാഗം ഏലത്തോട്ടത്തിൽ തന്നെ ഉപേക്ഷിച്ച നിലയിലാണ്.
ചന്ദന മരത്തിന് 15 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ കമ്പംമെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവരം ലഭിച്ചതിനെത്തുടർന്ന് കല്ലാർ വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റർ ഇ.വി. പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കൂടാതെ മോഷ്ടക്കൾക്കായി പൊലീസും അന്വേഷണം ആരംഭിച്ചു. തമിഴ് സംഘങ്ങളാണ് ചന്ദനക്കൊള്ളയ്‌ക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഒരു കേസിൽ പോലും പ്രതികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ALSO READ: കുണ്ടറയില്‍ കിണർ കുഴിക്കുന്നതിനിടെ അപകടം; നാല് പേർ കിണറ്റിൽ കുടുങ്ങി