ഇടുക്കി: മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഗ്യാപ്പ് റോഡിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അനുകൂല കാലാവസ്ഥ ലഭിച്ചാൽ ഞായറാഴ്‌ചക്കുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കുവാൻ സാധിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് ജൂലൈ 14ന് രാത്രിയിലാണ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
വലിയ പാറകളും മണ്ണും റോഡിലേക്ക് പതിച്ചതോടെ ഗതാതഗതം പൂർണമായും തടസപ്പെടുകയായിരുന്നു. കനത്ത മഴ തുടരുന്നതും വീണ്ടും മണ്ണിടിച്ചൽ സാധ്യത നിലനിൽക്കുന്നതും തൊഴിലാളികളെ ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിൽ പ്രതിസന്ധി സൃഷ്‌ടിച്ചു. മഴയ്‌ക്ക് നേരിയ തോതിൽ ശമനം ഉണ്ടയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മുതൽ മണ്ണും കല്ലും നീക്കം ചെയ്‌ത് തുടങ്ങിയത്.
കനത്ത മൂടൽ മഞ്ഞും ചാറ്റൽ മഴയും പ്രവർത്തങ്ങൾക്ക് തടസം ഉണ്ടാക്കുന്നുണ്ട്. കല്ലും മണ്ണും പതിച്ചതിനെ തുടർന്ന് നിർമാണം പൂർത്തികരിച്ച റോഡിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബോഡിമെട്ട് മുതൽ മൂന്നാർ വരെ ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചിൽ ദേശീയപാതയോരത്ത് ഉണ്ടായിട്ടുണ്ട്.
നിർമാണം പുരോഗമിക്കുന്ന ദേശീയപാത അനുകൂല കാലാവസ്ഥ ലഭിച്ചാൽ ഡിസംബറോടെ പൂർത്തികരിക്കാൻ സാധിക്കുമെന്നും ദേശീയപാത അധികൃതർ അറിയിച്ചു.