ഇടുക്കി: ജില്ലയിലെ പൊന്മുടി നിവാസികള്‍ക്ക് ഇപ്പോഴും പട്ടയം കിട്ടാക്കനിയായി നിലനില്‍ക്കുന്നതിനാല്‍ വലിയ പ്രതിസന്ധിയാണ് പ്രദേശവാസികള്‍ നേരിടുന്നത്. പൊന്മുടി അണക്കെട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ താഴ്വശത്തുള്ള പ്രദേശം ക്യാച്ച്മെന്‍റ് ഏരിയായെന്ന് ഉന്നയിച്ചാണ് അധികൃതര്‍ പട്ടയം നിഷേധിക്കുന്നത്.
ഏഴ് പതിറ്റാണ്ടുകളായി ഇവിടെ കുടിയേറി പാര്‍ത്ത നൂറ് കണക്കിന് കുടുംബങ്ങള്‍ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോഴെങ്കിലും തങ്ങളെ പരിഗണിക്കണമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം. പട്ടയം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ലോണ്‍ പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഓരോ പട്ടയ മേളയിലും ആളുകള്‍ പ്രതീക്ഷയോടെ അപേക്ഷ സമര്‍പ്പിക്കും. എന്നാല്‍ അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റില്‍ പരിഗണിക്കപ്പെടാറില്ല. നിരവധി നിവേദനങ്ങളും അപേക്ഷകളും നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി അധികൃതരെത്തി മേഖലയില്‍ പരിശോധന നടത്തി മടങ്ങിയെങ്കിലും യാതൊരുവിധ നടപടിയും ഇുവരെ ഉണ്ടായിട്ടില്ല. പട്ടയമില്ലാത്തതിനാല്‍ ബാങ്ക് വായ്പയെടുത്ത് വീട് നിര്‍മ്മിക്കാനും കഴിയാത്തതും പൊന്മുടി നിവാസികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
കരംകെട്ടിയ രസീതില്ലാത്തതിന്‍റെ പേരില്‍ അര്‍ഹതപെട്ട കര്‍ഷകര്‍ക്ക് പോലും പല സര്‍ക്കാര്‍ ആനകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഹൈറേഞ്ചിലെ ഇന്ന് കാണുന്ന പട്ടണങ്ങളൊന്നും ഇല്ലാതിരുന്ന കുടിയേറ്റകാലത്ത് താരതമ്യേനെ വലിയ പട്ടണമായിരുന്നു പൊന്മുടി. സമീപ പ്രദേശത്തെ രാജാക്കാടും, രാജകുമാരിയും കുഞ്ചിത്തണ്ണിയിലുമൊന്നും പെട്ടികടകളും കവലകളും ഇല്ലാത്ത കാലത്തുപോലും ഹൈറേഞ്ചിലേയ്ക്ക് മലകയറിയെത്തുന്ന ബസ്സുകളുടെ അവസാന സ്റ്റോപ്പായിരുന്നു ഇവിടെ.
പൊന്മുടി അണക്കെട്ടിന്‍റെ നിര്‍മ്മാണവും റോഡ് വികസനവും എത്തിയതോടെയാണ് മറ്റ് മേഖലകള്‍ വികസനത്തിന് വഴിമാറിയത്. അണക്കെട്ടിന്‍റെ നിര്‍മ്മാണത്തോടെ പൊന്മുടി മേഖല ക്യാച്ച്മെന്‍റ് ഏരിയായെന്ന് രേഖപ്പെടുത്തി. ഇതോടെ പത്തുചെയിനിലും പദ്ധതി പ്രദേശത്തുമല്ലാത്ത പൊന്മുടിയിലെ കുടിയേറ്റ കര്‍ഷകരുടെ പട്ടയമെന്ന ആവശ്യം കിട്ടാക്കനിയായി മാറുകയായിരുന്നു.