ഇടുക്കി: വ്യാജ സഹകരണ സംഘമുണ്ടാക്കി വീട്ടമ്മമാരുടെ കൈയിൽ നിന്നും കാഞ്ചിയാർ സ്വദേശിനികളടങ്ങുന്ന സംഘം ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. കോവിൽ മലയിലുള്ള 200 ഓളം വനിതകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഒരു ലക്ഷം രൂപ വീതം വായ്‌പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരാളുടെ പക്കൽ നിന്നും 2000 രൂപ വീതം സംഘം തട്ടിയെടുത്തെന്നാണ് ആക്ഷേപം.
മൂന്ന് മാസങ്ങൾക്ക് മുൻപാണ് വണ്ടിപ്പെരിയാർ സ്വദേശിനിയായ യുവതിയും കാഞ്ചിയാർ കോവിൽമല സ്വദേശിനികളായ വനിതകളും ചേർന്ന് വായ്‌പ നൽകാമെന്ന പേരിൽ കോവിൽമല ഭാഗത്ത് വീട്ടമ്മമാരെ ഉൾപ്പെടുത്തി സ്വയം സഹായ സംഘ ഗ്രൂപ്പുകൾ തുടങ്ങിയത്. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരിത കേരള സർവിസസ് സൊസൈറ്റിയുടെ കീഴിലാണ് ഗ്രൂപ്പുകളുടെ പ്രവർത്തനമെന്നും ഈ സ്‌ത്രീകൾ വീട്ടമ്മമാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. 20 മുതൽ 30 പേർ ഉൾപ്പെടുന്ന ഗ്രൂപ്പിലെ അംഗങ്ങൾ 2000 രൂപ വീതം സൊസൈറ്റിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 3 മാസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വീതം വായ്‌പ നൽകാമെന്നും എല്ലാ മാസവും പലചരക്ക് കിറ്റുകൾ നൽകാമെന്നുമായിരുന്നു വാഗ്‌ദാനം.
![lakhs of rupees were stolen from housewives fake cooperative society in idukki idukki cash fraud lakhs of rupees were stolen cash fraud in idukki cash fraud latest news in idukki latest news today വ്യാജ സഹകരണ സംഘമുണ്ടാക്കി വീട്ടമ്മമാരുടെ കൈയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി മുഖ്യപ്രതി ഒളിവില്‍ ഞ്ചിയാർ സ്വദേശിനികളടങ്ങുന്ന സംഘം സ്വയം സഹായ സംഘ ഗ്രൂപ്പുകൾ പണം തട്ടിപ്പ് ഇടുക്കി പണം തട്ടിപ്പ് ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത ഇന്നത്തെ പ്രധാന വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/16677875_thattipp.jpeg)
തുടർന്ന് കോവിൽമല ഭാഗത്ത് മാത്രമായി 200 ഓളം വീട്ടമ്മമാർ പണവും, തിരിച്ചറിയൽ രേഖകളുടെ പകർപ്പും സംഘത്തിന് നൽകി. എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞിട്ടും വായ്‌പയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ വന്നതോടെയാണ് വീട്ടമ്മമാർ തട്ടിപ്പിനിരയായതായി സംശയമുന്നയിക്കുന്നത്. പണം നഷ്‌ടപ്പെട്ട വീട്ടമ്മമാർ കാഞ്ചിയാർ സ്വദേശിനികളോട് പണം തിരിച്ചാവശ്യപ്പെട്ടെങ്കിലും തങ്ങൾക്ക് അറിയില്ലെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്.
ഇതിനിടെ സംഘത്തിലെ ഒരു സ്‌ത്രീ മുങ്ങിയതായും സൂചനയുണ്ട്. അതേസമയം, വീട്ടമ്മമാർ കട്ടപ്പന ഡിവൈഎസ്‌പിയ്ക്ക് നൽകിയ പരാതിയെ തുടർന്ന് ആരോപണവിധേയരായ രണ്ട് സ്‌ത്രീകളെ വിളിച്ചു വരുത്തിയെങ്കിലും നാടുവിട്ട വനിതയുടെ കൈയിലാണ് പണമെന്നാണ് വിശദീകരണം നൽകിയത്. പരാതി നൽകിയിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തുവാൻ തയ്യാറാകുന്നില്ലെന്നുംആക്ഷേപമുണ്ട്.
കോവിൽമലയ്ക്ക് പുറമേ മറ്റിടങ്ങളിലും ഇവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ, പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. അതേസമയം, കബളിപ്പിക്കപ്പെട്ട 30 ഓളം വീട്ടമ്മമാരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.