ഇടുക്കി: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വീട്ടമ്മയ്ക്ക് വെട്ടേറ്റു. തൊടുപുഴ കുന്നം മുനിസിപ്പൽ കോളനിയിലാണ് സംഭവം. മുഖത്തും ശരീരത്തിലും വെട്ടേറ്റ യുവതിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച ഉച്ചയ്ക്കാണ് കുന്നത്ത് മുൻസിപ്പൽ കോളനി നിവാസിയായ അൻസിയക്ക് വെട്ടേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അൻസിയയെ ആശുപത്രിയിൽ എത്തിച്ചത്. അൻസിയ അപകട നില തരണം ചെയ്തു
അൻസിയയുടെ മുഖത്തും കൈക്കും മാരകമായി പരിക്കേറ്റിട്ടുണ്ട്. അയൽക്കാരിയായ ജിനു എന്ന യുവതിയാണ് തന്നെ വെട്ടിയത് എന്ന് അൻസിയ പൊലീസിന് മൊഴി നൽകി. അൻസിയയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജിനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ താൻ എത്തുമ്പോൾ അൻസിയ വീടിനുള്ളിൽ വെട്ടേറ്റു കിടക്കുയായിരുന്നുവെന്നും ആശുപത്രിയിൽ എത്തിക്കാനാണ് ശ്രമിച്ചതെന്നും ജിനു പൊലീസിനോട് പറഞ്ഞു. കസ്റ്റഡിയിൽ ഉള്ള ജിനുവിനെ ഇതുവരെ പ്രതിച്ചേർത്തിട്ടില്ല.