ഇടുക്കിയുടെ അതിരപ്പള്ളി, സാഹസിക സഞ്ചാരികളെ കാത്ത് കുത്തുങ്കൽ - adventure tourism
പിന്നിയാര്‍ പുഴയ്ക്ക് കുറുകേ തടയണ തീര്‍ത്തപ്പോള്‍ വെള്ളച്ചാട്ടം അപ്രത്യക്ഷമായി. പക്ഷെ ഇവിടെ ഒളിഞ്ഞുകിടക്കുന്നത് സാഹസിക വിനോദ സഞ്ചാരത്തിന്‍റെ അനന്ത സാധ്യതകളാണ്. ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നതാകും കുത്തുങ്കലിലേക്കുള്ള ട്രക്കിംഗ്.
ഇടുക്കി: സാഹസിക വിനോദ യാത്രകള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ് പകര്‍ന്ന് നല്‍കുന്നത്. കുന്നും മലയും കാടും നിറഞ്ഞ ഇടുക്കിയില്‍ ഇത്തരം യാത്രകള്‍ക്ക് പറ്റിയ ഇടങ്ങൾ നിരവധിയാണ്. ഇടുക്കിയുടെ അതിരപ്പള്ളിയെന്നാണ് കുത്തുങ്കല്‍ വെള്ളച്ചാട്ടം അറിയപ്പെട്ടിരുന്നത്. എന്നാല്‍ കുത്തുങ്കല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടിന്‍റെ ഭാഗമായി പിന്നിയാര്‍ പുഴയ്ക്ക് കുറുകെ തടയണ തീര്‍ത്തപ്പോള്‍ ആ പ്രകൃതി മനോഹാരിത എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടു. ഒപ്പം വിനോദ സഞ്ചാരത്തിന്‍റെ വലിയ സാധ്യതകളും.
വെള്ളച്ചാട്ടം അപ്രത്യക്ഷമായെങ്കിലും ഇവിടെ ഒളിഞ്ഞുകിടക്കുന്നത് സാഹസിക വിനോദ സഞ്ചാരത്തിന്‍റെ അനന്ത സാധ്യതകളാണ്. വെള്ളച്ചാട്ടം ഉണ്ടായിരുന്ന മുപ്പതോളം അടി ഉയരത്തിലുള്ള പാറകെട്ടിന്‍റെ അടിഭാഗം ഗുഹയ്‌ക്ക് സമാനമാണ്. ഇവിടേക്ക് സഞ്ചാരികൾക്ക് ട്രക്ക് ചെയ്യാം. ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നതാകും കുത്തുങ്കലിലേക്കുള്ള ട്രക്കിങ്. വെള്ളച്ചാട്ടം ഇല്ലാതായതോടെ വികസന സ്വപ്‌നം അസ്‌തമിച്ചെന്ന് കരുതിയ കുത്തുങ്കലുകാര്‍ക്ക് പുതിയ പ്രതീക്ഷയാണ് സാഹസിക വിനോദ സഞ്ചാരത്തിന്‍റെ സാധ്യതകൾ. അധികൃതരുടെ ഇടപെടലുണ്ടായാല്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സാഹസിക സഞ്ചാര കേന്ദ്രമാക്കി കുത്തുങ്കലിനെ മാറ്റാന്‍ കഴിയും.