ഇടുക്കി: പൊന്മുടി നാടുകാണിയിലെ കെഎസ്ഇബി ഭൂമിയിൽ കെഎസ്ഇബി ജീവനക്കാരന്‍റെ കൈയേറ്റമെന്ന് പരാതി. അനധികൃത നിര്‍മാണവും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ആരോപണം. 2018ൽ റവന്യൂ വകുപ്പ് കൈയേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഇവിടെയുണ്ടായിരുന്ന കുരിശും കപ്പേളയും പൊളിച്ച് നീക്കിയിരുന്നു. എന്നാല്‍ വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും സമീപത്തുള്ള കൈയേറ്റം ഒഴിപ്പിക്കാന്‍ അധികൃതര്‍ ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി.
പൊന്മുടി അണക്കെട്ടിന്‍റെ ടണല്‍ കടന്നുപോകുന്ന അതീവ സുരക്ഷ മേഖലയായ കൊന്നത്തടി വില്ലേജിലെ പൊന്മുടി നാടുകാണിയിലാണ് അതികൃതരുടെ ഒത്താശയോടെ ഭൂമി കൈയേറി അനധികൃത നിര്‍മാണം നടത്തിയിരിക്കുന്നത്. 2017ൽ റവന്യൂ വകുപ്പ് കൈയേറ്റം കണ്ടെത്തുകയും കെഎസ്ഇബിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2018 ജനുവരിയില്‍ കെഎസ്ഇബി ഭൂമി കൈയേറ്റം ഒഴിയാനും അനധികൃതമായി നടത്തിയിരിക്കുന്ന നിര്‍മാണം പൊളിച്ച് നീക്കി ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും കെഎസ്ഇബി അസിസ്റ്റന്‍റ് എക്സികൂട്ടീവ് എഞ്ചിനീയര്‍ നോട്ടീസ് നല്‍കി. എന്നാല്‍ ഇതിന് സമീപത്ത് പള്ളി പണികഴിപ്പിച്ചിരുന്ന കപ്പേള മാത്രം പൊളിച്ച് നീക്കി അധികൃതര്‍ ഒഴുപ്പിക്കല്‍ നടപടി അവസാനിപ്പിച്ചു.
എന്നാല്‍ കെഎസ്ഇബി ജീവനക്കാരനും മറ്റൊരു സ്വകാര്യ വ്യക്തിയും കൈവശപ്പെടുത്തിയ ഭൂമി തിരിച്ച് പിടിക്കുന്നതിനും നിര്‍മാണം പൊളിച്ച് നീക്കുന്നതിനും ഒരുവിധ നടപടിയും സ്വീകരിച്ചില്ല. ഭൂമി കെഎസ്ഇബിയുടെയായതിനാല്‍ കെഎസ്ഇബിയാണ് നടപടി സ്വീകരിക്കേണ്ടതെന്നും കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും കൊന്നത്തടി വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ കെഎസ്ഇബി വൈദ്യുത കണക്ഷനും നല്‍കിയിട്ടുണ്ട്. ഇതിനായി പഞ്ചായത്ത് കെട്ടിട നമ്പറും നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ അനധികൃതമായി നിര്‍മിച്ച കെട്ടിടം കൈമാറ്റം ചെയ്തോ എന്നതും പരാതിക്കാര്‍ സംശയിക്കുന്നു.