ഇടുക്കി : രണ്ട് ദിവസങ്ങളിലായി ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും ലക്ഷങ്ങളുടെ നാശനഷ്‌ടം സംഭവിച്ചതായി കെ.എസ്.ഇ.ബി. വെള്ളിയാഴ്‌ച ഉണ്ടായ കാറ്റിലും മഴയിലും മാത്രം കെ.എസ്.ഇ.ബിയ്‌ക്ക് 81 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്. വിശദമായി പരിശോധിച്ചാല്‍ നഷ്‌ടം ഇനിയും ഉയരുമെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: ഇടുക്കിയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ജില്ലയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 11 കെ.വി. ലൈനുകളുടെ 33 പോസ്‌റ്റുകളും ലോ ടെൻഷൻ ലൈനുകളുടെ 335 പോസ്‌റ്റുകളും ഒടിഞ്ഞതുമൂലം ഒന്നേമുക്കാൽ ലക്ഷം ഉപഭോക്താക്കൾക്കാണ് വൈദ്യുതി തടസപ്പെട്ടത്. 1335 ഇടത്തെ വൈദ്യുതിവിതരണ കമ്പികൾ പൊട്ടി. കൂടാതെ നാല് ട്രാൻസ്‌ഫോർമറുകൾ ഉപയോഗശൂന്യമായി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണ്.
കൂടുതൽ വായനയ്‌ക്ക്: മലങ്കര അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകൾ തുറന്നു
ശക്തമായ മഴയിൽ ജില്ലയിൽ നിരവധി വീടുകൾക്കും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങൾക്കുമാണ് നാശനഷ്‌ടം സംഭവിച്ചത്. നിരവധി കുടുംബങ്ങളെ ഇന്നലെ തന്നെ മാറ്റി പാർപ്പിച്ചു. കൂടാതെ നീരൊഴുക്ക് ശക്തമായതോടെ മലങ്കര, കാലർകൂട്ടി അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തി. സ്ഥിതി അപകടാവസ്ഥയിലായതിനാൽ മണ്ണിടിച്ചിൽ ഭീതിയിലാണ് ജില്ല.