ഇടുക്കി: പെസഹാ ചടങ്ങുകളില്‍ കര്‍ഷകര്‍ക്ക് ആദരവ് നല്‍കി കോതമംഗലം രൂപതയിലെ വാഴക്കുളം സെന്‍റ് ജോർജ് ഫൊറോനാ പള്ളി രൂപത. കര്‍ഷക പ്രക്ഷോപത്തിന് പിന്തുണ നല്‍കുക എന്ന ആശയത്തോടെയാണ് കർഷകരുടെ കാൽ കഴുകി പള്ളിയില്‍ പെസഹ ആചരിച്ചത്.
പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം അന്ത്യത്താഴം കഴിക്കുകയും ചെയ്തതിന്‍റെ ഓര്‍മപുതുക്കലാണ് പെസഹ. വികാരി ഫാ കുര്യാക്കോസ് കൊടകല്ലിൽ കർഷകരുടെ കാൽകഴുകി ചുംബിച്ച് പെസഹ കാൽകഴുകൽ ശുശ്രൂഷ നടത്തി. ഓരോ വർഷവും കാലിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് കാൽ കഴുകൽ ശുശ്രൂഷയ്ക്ക് ആളുകളെ തെരെഞ്ഞെടുക്കുന്നതെന്നു വികാരി ഫാ കുര്യാക്കോസ് കൊടകല്ലിൽ പറഞ്ഞു.
രാജ്യത്തിൻറെ നട്ടെല്ലായ 53 വയസുമുതൽ 94 വയസുവരെ പ്രായമുള്ള പന്ത്രണ്ടു കര്‍ഷകരെയാണ് ശുശ്രൂഷയ്ക്ക് തെരെഞ്ഞെടുത്തത്. ഇവർ കർഷക വേഷത്തിലാണ് പള്ളിയിൽ എത്തിയത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന കർഷകരെ ശുശ്രൂഷയ്ക്ക് തെരെഞ്ഞെടുത്ത് അവരെ അംഗീകരിക്കുകയാണ് ചെയ്തതെന്ന് ഇടവകാംഗവും കത്തോലിക്കാ കോൺഗ്രസ് രൂപത പ്രെസിഡന്‍റുമായ ജോസ് പുതിയിടം പറഞ്ഞു.