ഇടുക്കി: ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ സമഗ്ര വികസനമെന്ന ലക്ഷ്യം മുൻനിർത്തിയാണ് കൊച്ചി -ധനുഷ് കോടി ദേശീയപാതയുടെ നിർമാണം 2017 സെപ്റ്റംബറിൽ ആരംഭിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഭൂമിയേറ്റെടുക്കലും പ്രളയവും വനംവകുപ്പിന്റെ ഇടപെടലും ദേശീയപാതയുടെ നിര്‍മാണം തടസ്സപ്പെടുത്തി. വീതി കൂട്ടി നിര്‍മിക്കേണ്ട ഭാഗത്തെ മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് പിസിഎഫ് ഉത്തരവിറക്കിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തതാണ് നിര്‍മാണ പ്രവര്‍ത്തനം ഇഴയുവാൻ കാരണമായത്.
ദേശീയപാത വീതി കൂട്ടി നിര്‍മിക്കുന്നതിനായി കേന്ദ്ര സർക്കാർ 384 കോടി രൂപ അനുവദിക്കുകയും 2017-ൽ നിർമാണ പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്ന 1649 മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പാള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിര്‍ദേശം നല്‍കുകയും ഇതിനായി ദേവികുളം ഡി എഫ് ഒ യെ ചുമതലപ്പെടുത്തുകയും ചെയ്‌തു. മരങ്ങള്‍ ഇ-ഓപ്ഷന്‍ വഴി വനം വകുപ്പ് തന്നെ അടിയന്തരമായി വില്‍പ്പന നടത്തണമെന്നും നിർദേശിച്ചിരുന്നു. മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് 45 ദിവസങ്ങള്‍ മാത്രമേ അനുവദിക്കേണ്ടതുള്ളുവെന്ന് പി സി എഫിന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉത്തരവിറങ്ങി എട്ട് മാസം പിന്നിടുമ്പോളും മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല.
ദേശീയപാത നിർമാണം ആരംഭിച്ചു മൂന്ന് മാസത്തിനുള്ളിൽ തന്നെ സിഎച്ച്ആറിന്‍റെ പേരില്‍ വനം വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. തുടർന്ന് റോഡ് ഉപരോധമടക്കമുള്ള സമരങ്ങളുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് നിർമാണ പ്രവർത്തങ്ങൾ പുനരാരംഭിച്ചത്. വനം വകുപ്പിന്‍റെ അലംഭാവം മൂലം നിർമാണ പ്രവർത്തങ്ങൾ നീളുന്നതിനാൽ ദേശീയപാത അധികൃതർ കരാർ പ്രകാരം രണ്ടു കോടി എഴുപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ട അവസ്ഥയിലാണ്.