ഇടുക്കി: കൊച്ചി - ധനുഷ്‌കോടി ദേശീയപാത രാജാക്കാട് വഴി ഗതിമാറ്റി വിടണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതയിലെ ദേവികുളം ഗ്യാപ്പ് ഭാഗത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന മലയിടിച്ചില്‍ യാത്രക്കാരുടെയും, വാഹനങ്ങളുടെയും സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ന്നതോടെയാണ് ദേശീയപാത രാജാക്കാട് വഴി ഗതിമാറ്റണമെന്ന ആവശ്യം ശക്തമായത്.
മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 41 കിലോമീറ്റര്‍ ദൂരം വീതി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ചെങ്കുത്തായ പാറക്കെട്ടുകള്‍ നിറഞ്ഞ ലോക്ക് ഹാര്‍ട്ട് ഭാഗത്ത് വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുകയും ഭീകരമായ മലയിടിച്ചിലുകളെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും, മറ്റൊരാളെ കാണാതാകുകയും, നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മണ്ണുമാന്തി യന്ത്രവും, ടിപ്പര്‍ ലോറികളും അടക്കം നിരവധി വാഹനങ്ങള്‍ തകരുകയും, മലയടിവാരത്ത് നിരവധി ഏക്കര്‍ കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തു. മുട്ടുകാട് കോമാളിക്കുടി മേഖലയിലെ ജനജീവിതം തന്നെ ഭീഷണിയില്‍ ആയിരിക്കുകയുമാണ്. ഹൈവേ അടച്ചതിനൊപ്പം മൂന്നാറിനും പൂപ്പാറയ്ക്കും ഇടയിലുള്ള ഗതാഗതം മാസങ്ങളായി രാജകുമാരി - രാജാക്കാട് - കുഞ്ചിത്തണ്ണി വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റോഡ് ഗതിമാറ്റിവിടണണെന്ന ആവശ്യം ഉയരുന്നത്.
ദേശീയപാതയിലെ രണ്ടാം മൈലില്‍ ആരംഭിച്ച് ചിത്തിരപുരം, ആഡിറ്റ്, കുഞ്ചിത്തണ്ണി, രാജാക്കാട്, രാജകുമാരി വഴി പൂപ്പാറയ്ക്ക് ഉള്ള റോഡ് എന്‍. എച്ച്. 85 ന്റെ ഭാഗമാക്കിക്കൊണ്ട് വീതി വര്‍ദ്ധിപ്പിച്ചാല്‍ ചെലവ് കൂടാതെതന്നെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാകും. ഗ്യപ്പ് റോഡ് വഴി മൂന്നാറിലെത്തുവാന്‍ 35 കിലോമീറ്ററില്‍ അധികം ദൂരമുള്ളപ്പോള്‍ ഈ റൂട്ടില്‍ 25 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മതിയാകും.