ഇടുക്കി: ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം അഞ്ചിന് മറയൂരില്‍ ഗോത്രവര്‍ഗ പാര്‍ലമെന്‍റ് സംഘടിപ്പിക്കും. സംസ്ഥാനത്താദ്യമായാണ് ആദിവാസികള്‍ക്കായി ഗോത്ര പാര്‍ലമെന്‍റ് ഒരുങ്ങുന്നത്. ജില്ലയിലെ മറയൂര്‍, വട്ടവട തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നായി 51 ഗോത്രമേഖലകളിലെ അഞ്ച് പ്രതിനിധികള്‍ വീതം പാര്ലമെന്റില് പങ്കെടുക്കും. ആദിവാസികളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ക്രോഡീകരിക്കുകയാണ് പാര്ലമെന്റിന്റെ ലക്ഷ്യമെന്നും ആദിവാസി പ്രതിനിധികള്‍ക്ക് പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള അവസരം ഒരുക്കുമെന്നും മുന്‍സിഫ് മജിസ്‌ട്രേറ്റ് ഉബൈദുല്ല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ ഒമ്പത് മണി മുതല്‍ മറയൂര്‍ കോവില്‍ക്കടവ് ജയമാതാ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രതിനിധികൾ പാര്‍ലമെന്‍റില്‍ പങ്കെടുക്കും. ആദിവാസികള്‍ മുന്നോട്ട് വെക്കുന്ന പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് ക്രോഡീകരിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള പാര്ലമെന്റ് പാസാക്കിയ ബില്ലാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പാര്ലമെന്റ് വിജയത്തിലെത്തിയാല്‍ മറ്റ് ഗോത്രമേഖലകളിലും ആശയം നടപ്പിലാക്കും. ദേവികുളം താലൂക്ക് ലീഗല്‍ സര്‍വീസ് ചെയര്‍മാന്‍ ആര്‍.സുരേഷ്‌കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.