ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. രണ്ട് അണക്കെട്ടുകളില്‍ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിച്ചു. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
മുല്ലപ്പെരിയാറില്‍ നിന്നും പത്ത് സ്‌പില്‍വേ ഷട്ടറുകള്‍ വഴി പുറത്തേക്ക് ഒഴുക്കുന്നത് 7,246 ഘനയടി വെള്ളമാണ്. ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്നും മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍കര്‍വ് മറികടന്ന് രണ്ടടിയോളം ഉയര്‍ന്നു. ഇതോടെ പത്ത് ഷട്ടറുകളും 90 സെന്‍റി മീറ്റര്‍ ഉയര്‍ത്തി പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് 7,246 ഘനയടിയായി വര്‍ധിപ്പിച്ചു. രണ്ടായിരം ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ട് പോകുന്നുമുണ്ട്.
ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് കൂടിയതോടെ ചെറുതോണി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് 300 ക്യുമെക്‌സാക്കി വര്‍ധിപ്പിച്ചു. ഇതോടെ പെരിയാറിൽ ജലനിരപ്പ് ഉയര്‍ന്നു. തടിയംപാട് ചപ്പാത്ത് പാലത്തിലും സമീപത്തെ രണ്ട് വീടുകളിലും വെള്ളം കയറി.
പെരിയാര്‍ തീരത്ത് ജാഗ്രത: തീരദേശത്തെ 42 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നാളെ (ഓഗസ്റ്റ് 9) വീണ്ടും അധിക ജലം ഇടുക്കി ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യതയുണ്ട്. അതേസമയം, ഇടമലയാര്‍ തുറക്കേണ്ടി വന്നാല്‍ ഇടുക്കി ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കും. ഇടുക്കി ഡാമിന് ഇനിയും സംഭരണശേഷിയുണ്ട്.
മുല്ലപ്പെരിയാറില്‍ നിന്നും അധിക ജലം ഒഴുക്കി വിട്ടതോടെ തീരദേശത്ത് ചിലയിടങ്ങളില്‍ വെള്ളം കയറി. പെരിയാറിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറി താമസിക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് റൂള്‍കര്‍വ് നിലനിര്‍ത്തുന്നതിന് അയ്യായിരം ഘനയടി കൂടി പുറത്തേക്ക് ഒഴുക്കണമെന്നാണ് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ തീരദേശങ്ങളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Also read: മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട; പൂർണ സജ്ജരായി ജില്ല ഭരണകൂടവും എൻഡിആർഎഫും