ഇടുക്കി: വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈഗ അണക്കെട്ടില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. കേരളത്തില്‍ സമൃദ്ധമായി മഴ ലഭിച്ചതിനെത്തുടര്‍ന്ന് ഒരു മാസത്തിലധികമായി തേനി ജില്ലയിലെ വൈഗ അണക്കെട്ടിന്‍റെ ഏഴ് ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കൊണ്ടിരിക്കുകയാണ്. മാത്രമല്ല മഴക്കാലത്ത് മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിട്ടതോടെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് പരാമവധി സംഭരണ ശേഷി പിന്നിട്ടിരുന്നു.
മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ശേഖരിക്കുന്ന തമിഴ്‌നാട്ടിലെ പ്രധാന അണക്കെട്ടാണ് വൈഗ. ഇതുവരെ കാര്‍ഷിക ആവശ്യങ്ങള്‍ക്കുവേണ്ടി നിയന്ത്രിതമായാണ് അണക്കെട്ടില്‍ നിന്നും വെള്ളം കനാലുകള്‍ വഴി പുറത്തേക്ക് ഒഴുക്കിയിരുന്നത്. എന്നാല്‍ 2018 ല്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം വൈഗ അണക്കെട്ടിന്‍റെ ഷട്ടറുകളെല്ലാം തന്നെ തുറന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കേരളത്തില്‍ മഴ ശക്തമായതിനാല്‍ അണക്കെട്ട് തുറന്നു.
2021 ജൂണിലാണ് ഇതിന് മുന്‍പ് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നത്. 71 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. മധുര, തേനി, രാമനാഥപുരം, ഡിണ്ടിഗല്‍, ശിവഗംഗൈ ജില്ലകളിലെ കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്നത് വൈഗയില്‍ നിന്നുള്ള വെള്ളമാണ്. തമിഴ്‌നാട്ടില്‍ ജൂണ്‍ മുതല്‍ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും വെെഗ അണക്കെട്ട് ജല സമൃദ്ധമായതിനാല്‍ അഞ്ച് ജില്ലകളിലെയും കൃഷിയിടങ്ങള്‍ ഹരിതാഭമാണ്.