ഇടുക്കി: കുന്നിൻ മുകളില്‍ അരനൂറ്റാണ്ട് മുൻപ് നിർമിച്ച വീട്. ഏത് നിമിഷവും തകർന്നു വീഴാം. വീട്ടിലേക്കുള്ള വഴിയായി ഒറ്റയടിപ്പാത മാത്രം. മഴക്കാലത്ത് പോലും കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥ. എങ്കിലും നെടുങ്കണ്ടം വലിയതോവാള സ്വദേശി വിജയൻ സ്വപ്നങ്ങൾ ഒരുപാട് കണ്ടിരുന്നു. ഓരോ സ്വപ്‌നവും സാക്ഷാത്‌കരിക്കാൻ വേണ്ടിയാണ് ഭാഗ്യദേവതയുടെ കടാക്ഷം തേടി വിജയനോടൊപ്പം മകൻ അനന്തുവും ലോട്ടറി എടുക്കാൻ തുടങ്ങിയത്. ചിലപ്പോഴെല്ലാം ഭാഗ്യം അങ്ങനെയാണ്. ഒടുവില്‍ വലിയതോവാളയിലെ കുന്നിൻ മുകളിലെ പൂവത്തോലില്‍ വീട്ടിലേക്ക് ഭാഗ്യ ദേവത വിരുന്നെത്തി. കേരള സർക്കാരിന്‍റെ ഇത്തവണത്തെ 12 കോടിയുടെ ഓണം ബംബർ അനന്തുവിന്.
ആദ്യം അമ്പരപ്പും പിന്നെ ആഹ്ളാദവും. ജോലി സംബന്ധമായി അനന്തു എറണാകുളത്താണ്. ഓരോ ദിവസവും കണ്ടിരുന്ന സ്വപ്നങ്ങൾ സാധ്യമാക്കണം. മലമുകളില്‍ നിന്ന് ഇറങ്ങി വെള്ളവും വഴിയുമള്ള സ്ഥലത്ത് പത്ത് സെന്‍റ് വാങ്ങി ഒരു കൊച്ചു വീട് വെയ്ക്കണം. മക്കളായ അനന്തുവിനേം അരവിന്ദിനേം ഇനീം പഠിയ്ക്കാന്‍ വിടണം. മകളുടെ വിവാഹം നന്നായി നടത്തണം. വിജയൻ ചെറിയ സ്വപ്നങ്ങൾ ഒന്നൊന്നായി പറയുകയാണ്. പെയിന്‍റിങ് തൊഴിലാളിയായ വിജയനും സ്വകാര്യ വസ്‌ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ ഭാര്യ സുമയും ചേര്‍ന്ന് മക്കളെ തങ്ങളാവും വിധം പഠിപ്പിച്ചു. മൂത്തമകള്‍ ആതിര പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ ആയതോടെ താത്കാലിക ജോലി നഷ്ടമായി. അനന്തുവും അനുജന്‍ അരവിന്ദും ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പിന്നീട് പഠിയ്ക്കാന്‍ പോയില്ല.
അനന്തു എളംകുളം ക്ഷേത്രത്തിലും, അരവിന്ദ് കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലും ജോലി നോക്കുന്നു. ഇവരുടെ മുടങ്ങിയ പഠനം വീണ്ടും ആരംഭിയ്ക്കണമെന്ന് അമ്മ സുമയും പറയുന്നു. ലോട്ടറി അടിച്ച വിവരം അനന്തുവാണ് വീട്ടില്‍ വിളിച്ച് അറിയിച്ചത്. അധ്വാനിച്ച് ജീവിക്കുന്ന വിജയന്‍റെ സ്വപ്‌നങ്ങൾ എന്നും അങ്ങനെയായിരുന്നു. ജീവിതം വഴിമുട്ടുമ്പോൾ ഭാഗ്യം തേടിയെത്തും. അനന്തുവും അരവിന്ദും പഠിച്ച് നല്ല ജോലി സ്വന്തമാക്കട്ടെ, ആതിരയുടെ വിവാഹം നന്നായി നടക്കട്ടെ, വെള്ളവും വഴിയുമുള്ള സ്ഥലത്ത് ഒരു കൊച്ചു വീട് അവർക്ക് സ്വന്തമാകട്ടെ...