കാസർകോട് : വീട്ടുപറമ്പിൽ ചന്ദനം ഉണ്ടോ? എങ്കിൽ ഒരു കണ്ണ് ഇതിൽ വേണം. അല്ലെങ്കിൽ മാഫിയ സംഘങ്ങൾ വേരോടെ പിഴുതു കൊണ്ടുപോകും. ഇത്തരത്തിൽ നിരവധി സംഘങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ഇറങ്ങിയിട്ടുണ്ട് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ആന്ധ്ര, ഗോവ സംസ്ഥാനങ്ങളിലേക്ക് കടത്തനാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. ചെറിയ വില കൊടുത്തും വില്‍പനയ്ക്ക് തയ്യാറാകാത്ത അവസ്ഥയിൽ മോഷ്‌ടിച്ചുമാണ് പറമ്പുകളിൽ നിന്ന് മാഫിയ ചന്ദനമരങ്ങൾ കടത്തുന്നത്. ഇന്നലെ വനം വകുപ്പ് കാസർകോട് നിന്നും 135 കിലോ ചന്ദനമുട്ടികൾ പിടികൂടിയിരുന്നു.
മൂന്നാംമൈൽ പൂതങ്ങാനം പ്രസാദിന്‍റെ വീട്ടിൽ നിന്നാണ് അഞ്ച് ചാക്കുകളിലായി സൂക്ഷിച്ച 135 കിലോ ചന്ദനമുട്ടികൾ കാസർകോട് ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയത്. പ്രസാദിനെയും കൂട്ടാളിയായ മൂന്നാംമൈലിലെ ഷിബുരാജിനെയും അറസ്റ്റ് ചെയ്‌തു. ചന്ദന മുട്ടി കടത്താനുപയോഗിച്ച രണ്ട് കാറും കസ്റ്റഡിയിലെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇവർ ഇടനിലക്കാർ ആണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവർക്ക് ഒരു കിലോയ്‌ക്ക് 2000 മുതൽ 3000 രൂപ വരെ ലഭിക്കും. ചന്ദനം കടത്താൻ ഏജൻസികളും ബിനാമികളും വൻ റാക്കറ്റിനു പിന്നിൽ ഉണ്ട്. ഇത്തരം സംഘങ്ങൾ ലക്ഷങ്ങളാണ് കൊയ്യുന്നത്.
ഏജന്‍റ് സംഘങ്ങൾ നാട്ടിൻ പുറങ്ങളിലൂടെ സഞ്ചരിക്കും. മരങ്ങൾ കണ്ടാൽ വീടുകളിൽ എത്തി വില ചോദിക്കും. സമ്മതിച്ചാൽ വാഹനങ്ങളുമായി എത്തി രഹസ്യമായി മുറിച്ചെടുത്ത് ചെത്തി ചെറിയ മുട്ടികളാക്കി കടത്തുന്നതാണ് ഒരു രീതി. ഉടമയ്ക്ക് തുച്ഛമായ തുകയാണ് ലഭിക്കുക.
മുറിക്കാൻ സമ്മതിച്ചില്ലെങ്കിൽ രാത്രി വന്നു മുറിച്ചു കൊണ്ടുപോകും. ഇങ്ങനെ ശേഖരിക്കുന്ന ചന്ദന മുട്ടികൾ ഒരു സ്ഥലത്ത് രഹസ്യമായി സൂക്ഷിച്ച് ഒന്നിച്ച് കടത്തും. പല മരങ്ങൾ കൊണ്ടുപോകുമ്പോൾ ഇടയിൽ വച്ചാണ് കടത്തുക. ലക്ഷങ്ങളാണ് ഓരോ മരത്തിനും ലഭിക്കുക.
ഇന്നലെ കാസർകോട് ഫ്ലൈയിങ് സ്‌ക്വാഡ് കണ്ടെത്തിയ ചന്ദനം ഇത്തരത്തിൽ രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു. പിടിയിലായവർ കാലങ്ങളായി ചന്ദനം കടത്തുന്ന ബിനാമികളാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചന്ദനത്തിന്‍റെ വേര് മുതൽ തൊലി വരെ ഉപയോഗിക്കുന്നുണ്ട്.
ഇല മാത്രമാണ് ഉപയോഗിക്കാതിരിക്കുന്നത്. അതേസമയം വനംവകുപ്പിന്‍റെ അനുമതിയില്ലാതെ ചന്ദന മരം മുറിച്ചു കടത്തിയാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും.
ചന്ദനം വളർത്തിയാൽ അകത്താകുമോ? ഉടമയ്ക്ക് വിൽക്കാൻ കഴിയുമോ?
ചന്ദനം വളർത്തിയാൽ അകത്താകുമെന്നും മുറിക്കുന്ന കാലത്തു ലഭിക്കുന്ന വിലയിൽ നല്ലൊരു പങ്കും സർക്കാർ കൊണ്ടുപോകുമെന്നും കരുതുന്നവര്‍ ഏറെയാണ്. ചന്ദന മരം ഉണ്ടായാലും എങ്ങനെ ഇത് മുറിച്ചു വിൽക്കണം എന്ന ആശങ്കയും സാധാരണക്കാർക്കിടയിൽ ഉണ്ട്. എന്നാൽ നിയമം അനുസരിച്ച് ചന്ദനം മുറിച്ചു വിൽക്കാം എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
നെഞ്ചുയരത്തിൽ 50 സെ.മീ ആയാൽ ചന്ദനം മുറിക്കാൻ പാകമായി. ഈ വലുപ്പത്തിൽ എത്തുന്നതിനു മുൻപും മുറിക്കാൻ കഴിയും. എന്നാൽ, അതിന് കാരണം എന്താണെന്ന് ബോധിപ്പിക്കണം. മുറിക്കാൻ പാകമായാൽ വനം വകുപ്പിൽ അപേക്ഷ സമർപ്പിക്കുകയാണ് ആദ്യ പടി. അതാത് പ്രദേശത്തെ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്കാണ് വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷ സമർപ്പിക്കുന്നത്.
അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കും. ഈ സംഘത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഒരു ട്രീ കമ്മറ്റിയെ നിയോഗിക്കും. ഈ കമ്മറ്റിയിൽ തഹസിൽദാർ, കൃഷി ഓഫിസർ, ഫോറസ്റ്റ് കൺസർവേറ്റർ തുടങ്ങിയവരൊക്കെ ഉണ്ടാകും. ഈ കമ്മറ്റി മരം പരിശോധിച്ചു തയാറാക്കുന്ന റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് കൈമാറും.
അദ്ദേഹത്തിനാണ് മുറിക്കാൻ ഉത്തരവിടാനുള്ള അധികാരം. ഉടമയ്‌ക്ക് പണം ലഭിക്കണമെങ്കിൽ 2-6 മാസം കഴിയും. മറയൂരിൽ ആണ് ഇത് എത്തിക്കുക. ഇവിടെ നിന്നാണ് ലേലം നടത്തുക. നല്ല ചന്ദനം ആണെങ്കിൽ വേഗം ലേലത്തിൽ പോകും. അല്ലെങ്കിൽ പരമാവധി 6 മാസം വരെ കാത്തിരിക്കണം.
ഒരു മരത്തിന് ലക്ഷങ്ങൾ...
15 വർഷം വളർച്ചയുള്ള ചന്ദനത്തിന്‍റെ കാതലുള്ള തടിക്കും വേരിനുമായി ചുരുങ്ങിയത് 20 കിലോഗ്രാം തൂക്കം വരും. ബാക്കിയുള്ള വെള്ള, തോൽ, ശിഖരങ്ങൾ എന്നിവയ്ക്കും വിലയുണ്ട്. ഒന്നാം ക്ലാസ് ഗുണനിലവാരമുള്ള ചന്ദനത്തിന്‍റെ കാതലും വേരും സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കും.
ഇത്തരത്തിൽ തയാറാക്കിയ ചന്ദനം ലേലത്തിൽ വിൽക്കുമ്പോൾ കിലോഗ്രാമിന് 16,000 മുതൽ 18,000 രൂപ വരെ ഇപ്പോൾ ലഭിക്കുന്നുണ്ട്. ഫസ്റ്റ് ക്ലാസ് ചന്ദനം ആണെങ്കിൽ 30,000-40,000 രൂപ വരെ ലഭിക്കും. ഇങ്ങനെ നോക്കിയാൽ ഒരു മരത്തിന് ലക്ഷങ്ങൾ ലഭിക്കും.
ചന്ദനം ഉപയോഗം
തൈലം, പെർഫ്യൂമുകളും സോപ്പുകളും നിർമിക്കാൻ, ക്ഷേത്രത്തിലെ ആവശ്യങ്ങൾ എന്നിവയ് ആണ് ചന്ദനം പ്രധാനമായും ഉപയോഗിക്കുന്നത്.
Also Read: കുരുമുളക് കൃഷിയിലെ 'വിയറ്റ്നാം മോഡല്‍'; കറുത്തപൊന്നില്‍ നിന്ന് പൊന്നു വാരുന്ന 'ബൈജൂസ്' വിജയ ഗാഥ