ഇടുക്കി: കട്ടപ്പനയിലെ അറുപതുകാരി ചിന്നമയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോര്‍ട്ടത്തിൽ വ്യക്തമായി. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് കട്ടപ്പന കൊച്ചുപുരക്കല്‍ ജോര്‍ജ്ജിന്റെ ഭാര്യ ചിന്നമ്മയെ വീടിന്റെ താഴത്തെ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ചിന്നമ്മ ധരിച്ചിരുന്ന മാലയും സ്വർണ്ണാഭരണങ്ങളും മോഷണം പോയിട്ടുള്ളതായും ഭര്‍ത്താവ് ജോര്‍ജ്ജ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
കട്ടപ്പന ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ പ്രതിയിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കൂടുതൽ വായനക്ക്: കട്ടപ്പനയിലെ വയോധികയുടെ മരണത്തിൽ ദുരൂഹത