ഇടുക്കി : ലോക്ക് ഡൗൺ കാലയളവിൽ കട്ടപ്പന എക്‌സൈസ് വിഭാഗം പിടികൂടിയത് ചാരായ നിർമ്മാണത്തിനായി തയ്യാറാക്കിയ 3,000 ലിറ്റർ കോട. ഏഴ് കേസുകളിൽ നിന്നാണ് ഇത്രയധികം കോട കണ്ടെത്തി നശിപ്പിച്ചത്. കട്ടപ്പന ടൗൺ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വ്യാജ വാറ്റ് വിൽപ്പന നടക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഉദ്യേഗസ്ഥർ പരിശോധന കർശനമാക്കിയത്.
ആദ്യം വാറ്റ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. തുടർന്ന് എസ്റ്റേറ്റ് മേഖലകളിലും വന അതിർത്തികളിലും ശക്തമായ പരിശോധന നടന്നു. ഇതിന്‍റെ ഭാഗമായി ഏഴ് കേസുകൾ റജിസ്റ്റർ ചെയ്തതായും കേസുകളിൽ നിന്നായി 3,000 ലിറ്റർ കോട കണ്ടെടുത്ത് നശിപ്പിച്ചതായും എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ബി ബിനു പറഞ്ഞു.
അതേസമയം വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ വീട്ടിൽ വ്യാജ വാറ്റ് നടത്തിയ യുവാവിനെ 50 ലിറ്റർ കോടയുമായി പിടികൂടി. കട്ടപ്പന കാവുംപടി സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ഒരു ലിറ്റർ ചാരായത്തിന് 2,000 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ബി ബിനു പറഞ്ഞു