ഇടുക്കി: കഞ്ഞിക്കുഴി പള്ളിപ്പുന്നയാറിൽ പാറക്കൂട്ടം ഇടിഞ്ഞുവീണതിൽ പ്രദേശവാസികൾ ഭീതിയിൽ. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്നാണ് കൂറ്റൻ പാറകൾ ഇടിഞ്ഞുവീണത്. സമീപത്തെ മുപ്പതോളം കുടുംബങ്ങൾക്കാണ് ഈ പാറക്കൂട്ടം ഇപ്പോൾ ഭീഷണിയായി മാറിയിരിക്കുന്നത്.
2018 ൽ നിരവധി ഉരുൾപൊട്ടലുകൾ നടന്ന മേഖലയിലാണ് ഇന്നലെ (9.07.2022) രാവിലെ പാറക്കൂട്ടം ഇടിഞ്ഞുവീണത്. 2018 ലെ ഉരുൾപൊട്ടലുകൾ മൂലം മുപ്പതോളം കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപാർപ്പിക്കുകയും ചെയ്‌തിരുന്നു. അന്ന് മുതൽ ഈ പാറക്കൂട്ടം നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് തടസമായിരുന്നു.
പാറ പൊട്ടിച്ചു നീക്കുന്നതിന് നിരവധി തവണ ജില്ല ഭരണകൂടത്തിന്‍റെ അടുക്കൽ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്ന് വാർഡ് മെമ്പർ ബേബി ഐക്കര ആരോപിക്കുന്നു. കഞ്ഞിക്കുഴി ടൗണിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്താണ് പള്ളിപ്പുന്നയാർ.
വിജയൻ പടിഞ്ഞാറയിൽ എന്ന വ്യക്തിയുടെ വീടിനാണ് പാറക്കൂട്ടം ഏറ്റവും അപകട ഭീഷണി സൃഷ്‌ടിക്കുന്നത്. ജില്ല ഭരണകൂടം അടിയന്തരമായി ഇടപെട്ട് ഇവിടെ നിന്ന് പ്രദേശവാസികളെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.