ഇടുക്കി: കമ്പംമെട്ട് പൊലീസ് സ്‌റ്റേഷനില്‍ എത്തിയാല്‍ നിയമ സുരക്ഷ മാത്രമല്ല, ആധുനിക കൃഷി രീതികളുടെ അറിവുകളും നേടാം. അക്വാപോണിക്‌സ് രീതി അവലംബിച്ചാണ് കൃഷി. വിളകളെ ലക്ഷ്യമാക്കിയെത്തുന്ന കുരങ്ങുകളെ തുരത്തുന്നതിനായി ഉണ്ടാക്കിയിരിക്കുന്ന പിവിസി തോക്കിന്‍റെ രീതികളും സ്റ്റേഷനില്‍ നിന്ന് മനസിലാക്കാം. കുരങ്ങുകളില്‍ നിന്നും വിളകളെ രക്ഷിയ്ക്കാന്‍ മഴമറയൊരുക്കിയാണ് കൃഷി ഇറക്കിയിരിക്കുന്നത്. വനത്തില്‍ നിന്നു സ്‌റ്റേഷന്‍ വളപ്പിലേയ്ക്ക് ധാരാളം കുരങ്ങുകള്‍ എത്തും. ഇവയെ തുരത്താന്‍ പിവിസി പൈപ്പ് ഉപയോഗിച്ച് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
സ്റ്റേഷന്‍ പരിസരത്ത് കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്ത് ഒരു കുളം നിര്‍മ്മിച്ചിട്ടുണ്ട്. രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന കുളത്തില്‍ നാലായിരത്തോളം മീന്‍ കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്നത്. കട്‌ല, രോഹു തുടങ്ങിയ ഇനങ്ങളില്‍ പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. കുളത്തില്‍ നിന്നും വെള്ളം മഴമറയിലെ 21 ഓളം ടാങ്കുകളില്‍ എത്തിയ്ക്കും. മെറ്റലും വെള്ളവും ഉപയോഗിച്ചുള്ള അക്വാപോണിക്‌സ് രീതിയിലാണ് ഇവിടെ കൃഷി.
കമ്പംമെട്ട് പൊലീസ് സ്‌റ്റേഷനിലെ മുഴുന്‍ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് കൃഷി ജോലികള്‍ ചെയ്യുന്നത്. ഡ്യൂട്ടിയ്ക്കിടയിലും കൃഷി പരിപാലനത്തിന് ഇവര്‍ സമയം കണ്ടെത്തുന്നു.പൊലിസ് സ്‌റ്റേഷനിലെ മെസ്സിലേയ്ക്ക് ആവശ്യമായ മുഴുവന്‍ പച്ചക്കറികളും മീനും ഇവിടെ തന്നെ ഉത്പാദിപ്പിയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിയ്ക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്ക് ആധുനിക കൃഷി രീതികളെ കുറിച്ച് മനസിലാക്കാനുള്ള ഒരു അവസരം കൂടിയാണ് കമ്പംമെട്ട് പൊലീസ് ഒരുക്കുന്നത്.