ഇടുക്കി: നിയമപരിപാലനം മാത്രമല്ല കാക്കിയ്‌ക്കുള്ളിൽ സഹജീവി സ്‌നേഹമുള്ള ഒരു മനസുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് തൊടുപുഴ കല്ലൂർക്കാട് ജനമൈത്രി പൊലീസ്. തെരുവുനായ കടിച്ചുകൊന്നതിനെ തുടര്‍ന്ന് ഉപജീവന മാര്‍ഗം നിലച്ച കർഷകന് പകരം ആടിനെ വാങ്ങിനല്‍കുകയായിരുന്നു.
തൊടുപുഴ കല്ലൂർക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ തഴുവംകുന്ന് ഭാഗത്ത് താമസിക്കുന്ന ചാലിൽ പത്രോസിന്‍റെ ഏക വരുമാന മാർഗമാണ് ആടുവളർത്തൽ. പറമ്പില്‍ കെട്ടിയ ആടിനെ തീറ്റുന്നതിനിടയിൽ ഭക്ഷണം കഴിക്കാന്‍ പത്രോസ് വീട്ടിലേക്ക് പോയ സമയത്താണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. ആടിനെ നഷ്‌ടപ്പെട്ട പത്രോസിന്‍റെ സങ്കടമറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ പരിഹാര മാര്‍ഗം കണ്ടെത്തുകയായിരുന്നു.
കല്ലൂർക്കാട് പൊലീസ് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫിസർ ജീൻസൺ ജോൺ, ഡബ്‌ള്യു.സി.പി.ഒ റെയ്ഹാനത്ത് ഒ.എച്ച്, പിങ്ക് പ്രൊട്ടക്ഷൻ ഓഫിസർ കവിത കെ എന്നിവരാണ് പത്രോസിന് ആടിനെ എത്തിച്ചു നൽകിയത്.